Top

വിഴിഞ്ഞം തുറമുഖം; ലത്തീന്‍ അതിരൂപതയുടെ രണ്ടാംഘട്ട സമരം ഇന്നുമുതല്‍

തുറമുഖ നിര്‍മ്മാണം ആരംഭിച്ച ശേഷം ജില്ലയിലുണ്ടായ തീരശോഷണം പരിഹരിക്കുക, വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അതിരൂപത മുന്നോട്ട് വയ്ക്കുന്നത്

31 July 2022 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം തുറമുഖം; ലത്തീന്‍ അതിരൂപതയുടെ രണ്ടാംഘട്ട സമരം ഇന്നുമുതല്‍
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ തീരദേശ ജനത നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുക എന്ന ആവശ്യവുമായുള്ള ലത്തീന്‍ അതിരൂപതയുടെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. തുറമുഖ നിര്‍മ്മാണം ആരംഭിച്ച ശേഷം ജില്ലയിലുണ്ടായ തീരശോഷണം പരിഹരിക്കുക, വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അതിരൂപത മുന്നോട്ട് വയ്ക്കുന്നത്. സഹായമെത്രാന്‍ ആര്‍ കൃസ്തുദാസിന്റെ സന്ദേശവും ലഘുലേഖയും പൊതുജനങ്ങളെ അറിയിക്കാനായി ഇടവക തലത്തില്‍ കണ്‍വെന്‍ഷനും സൈക്കിള്‍ റാലിയും ഇന്ന് സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍, യുവജനങ്ങള്‍, വിവിധ ശുശ്രൂഷാ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഞ്ചുതെങ്ങ്, പുതുക്കുറുച്ചി, വലിയതുറ, കോവളം, പുല്ലുവിള എന്നീ ഫെറോനകളില്‍ പ്രചരണ വാഹന ജാഥകള്‍, കാല്‍നട ജാഥകള്‍ തുടങ്ങിയവ യഥാക്രമം ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കും. വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന സാമൂഹികവും പാരിസ്ഥിതികവും തൊഴില്‍പരവുമായ ആഘാതങ്ങളേക്കുറിച്ച് അവബോധം നല്‍കുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ച് ഓഗസ്റ്റ് ആറിന് ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷനില്‍ തുടര്‍ സമര പ്രഖ്യാപനമുണ്ടാകുമെന്ന് ജനറല്‍ മോണ്‍ യൂജിന്‍ എച്ച് പെരേര ഒന്നാംഘട്ട സമരത്തിന്റെ സമാപനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സഹായ മെത്രാന്റെ സര്‍ക്കുലര്‍ ഇന്ന് ദിവ്യബലി മധ്യേ ഇടവകകളില്‍ വായിച്ചു.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പത്ത് ദിവസം നടന്ന ഒന്നാംഘട്ട സമരത്തിന്റെ സമാപനത്തെ തുടര്‍ന്നാണ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചത്. ഒന്നാംഘട്ട സമരത്തിന് സമാപനം കുറിച്ച് നടന്ന കൂട്ടായ്മ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.

'മലയോരത്തിനൊപ്പം തീരദേശത്തേയും സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളിവിടുകയാണ്. 10 ദിവസമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തെരുവിലിറങ്ങാനും സിന്ദാബാദ് വിളിക്കാനും ആഗ്രഹിക്കുന്നവരല്ല വൈദികരും സന്യസ്തരും. തിരദേശത്തിന്റെ കഷ്ടപ്പാട് നേരില്‍ കണ്ടറിഞ്ഞാണ് സമരത്തിനിറങ്ങുകയാണ്. കമ്പനികള്‍ക്ക് വേണ്ടിയല്ല പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. സമരം ചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കരുത്ത് തീരദേശ ജനതയ്ക്കുണ്ട്. അതിനാല്‍ സമരം കണ്ടില്ലെന്ന് നടിക്കരുതെന്നും സമരം ഒത്തുതീര്‍പ്പാക്കണം', എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Latin Archdiocese Second Phase Strike Starts Today

Next Story