'സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലം'; വൈദികർക്കെതിരെ ഗൂഢനീക്കം നടക്കുന്നുവെന്ന് ലത്തീൻ അതിരൂപത
വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷമാണ് കേസിന്റെ പശ്ചാത്തലം
27 Nov 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് വിഴിഞ്ഞത്തുണ്ടായ സംഘർഷമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. വെെദികർ ഉൾപ്പെടെയുളളവർക്കെതിരെ ഗൂഢനീക്കം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാദർ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെയുളള കേസെടുത്തിട്ടുളളത്.
വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷമാണ് കേസിന്റെ പശ്ചാത്തലം. വിഴിഞ്ഞം പൊലീസ് ഇതുവരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയാണ് സംഘർഷത്തിലെ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ സൂചിപ്പിക്കുന്നത്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം കഴിഞ്ഞ ദിവസം തീര നിവാസികൾ തടഞ്ഞിരുന്നു. തുടർന്ന് വിഴിഞ്ഞം സംഘർഷഭരിതമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയതോടെ നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ അവർ ഗൂഢാലോചന നടത്തിയെന്നും ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് പദ്ധതി പ്രദേശത്തേക്ക് എത്തിച്ച് കോടതിയുടെ നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എഫ്ഐആർ. 96 പേർ പ്രതിപ്പട്ടികയിലുണ്ട്. സമരം മൂലം നിർമാണ കമ്പനിക്ക് ഉണ്ടായ നഷ്ടം സമരസമിതിയിൽനിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
STORY HIGHLIGHTS: latin archdiocese reaction on vizhinjam protest case