Top

'വല്യേട്ടനെയൊന്നും വേണ്ട, ഒപ്പം നടക്കാം'; സീറോ മലബാര്‍ സഭയോട് ലത്തീന്‍ സഭ

കൂടുതല്‍ സാഹോദര്യമാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുള്ള ചിന്തകളുണ്ടാകണമെന്നും ജോസഫ് കരിയില്‍

1 July 2022 7:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വല്യേട്ടനെയൊന്നും വേണ്ട, ഒപ്പം നടക്കാം; സീറോ മലബാര്‍ സഭയോട് ലത്തീന്‍ സഭ
X

കൊച്ചി: വല്യേട്ടനാകേണ്ട ഒപ്പം നടക്കുകയാണ് വേണ്ടതെന്ന് സീറോ മലബാര്‍ സഭയോട് ലത്തീന്‍ സഭയുടെ കൊച്ചി രൂപതാ അധ്യക്ഷനും ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ജോസഫ് കരിയില്‍. കൂടുതല്‍ സാഹോദര്യമാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുള്ള ചിന്തകളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വടവാതൂര്‍ സെയിന്റ് തോമസ് അപ്പസ്‌തൊലിക് സെമിനാരിയുടെയും പൗരസ്ത്യ വിദ്യാപീഠത്തിന്‍രെയും ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

പ്രസംഗത്തില്‍ നിന്ന്:

'കേരളസമൂഹത്തിന്റെ പൊതുവെയും കേരളസഭയുടെ വിശേഷിച്ചുമുള്ള സാമൂഹ്യപരിവര്‍ത്തനത്തിനു ഉദയംപേരൂര്‍ സൂനഹദോസ് നല്‍കിയ സംഭാവനകളെ സഭാചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി തമസ്‌കരിക്കാനാകില്ല. പൗരസ്ത്യവിദ്യാപീഠത്തിന്റെ കാര്യത്തിലേയ്ക്കു വരാം. ഈ വടവാതൂര്‍ കലാലയത്തില്‍ നിന്നു തുടക്കത്തില്‍ പുറത്തു വന്നിട്ടുള്ള കുറെ പ്രബന്ധങ്ങളെങ്കിലും ഏക പക്ഷീയമായിരുന്നു എന്ന വിചാരമാണ് എനിക്കുള്ളത്. അവ അ ക്രൈസ്തവമായിരുന്നു എന്നു പോലും പറയാവുന്നതാണ്. സീറോ മലബാര്‍ സഭയുടെ മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള ഒരു ശ്രമം ഞങ്ങള്‍ക്കതില്‍ ഊഹിക്കാന്‍ കഴിഞ്ഞു.

സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളേക്കാള്‍ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു, ഉണ്ട് എന്നതു ശരിയാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭാവിയെയും നിയന്ത്രിക്കുന്നു, വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവര്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു. ഇതാണ് ഈ മേധാവിത്വചിന്തയുടെ പിന്നിലുള്ള തത്വം എന്നു തോന്നുന്നു. മറ്റുള്ളവരുടെ ഭൂതകാലത്തെ കവര്‍ന്നെടുക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ജീവിതത്തിന്റെ നിരവധി മണ്ഡലങ്ങളില്‍ നമുക്കു കാണാം. ചിലപ്പോള്‍ ഇതു പരസ്യമായി ചെയ്യുന്നു, ചിലപ്പോള്‍ ഗൂഢമായും. പക്ഷേ ഫലം ഒന്നു തന്നെ. കേരളത്തിലെ ലത്തീന്‍ സഭയുടെ വികാരമാണ് ഞാന്‍ പങ്കു വയ്ക്കുന്നത്. ലോകമെങ്ങും ചരിത്രം രചിക്കപ്പെടുന്നത് ശക്തിയുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ്. ഇന്ത്യയില്‍ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ നാമെല്ലാം അതനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യാനുഭവത്തിന്റെ നിര്‍വചനങ്ങളും നാമങ്ങളും മുകളില്‍ നിന്നു താഴേയ്ക്ക് കല്‍പിക്കപ്പെടുകയാണ്. സാമൂഹ്യമായി ദുര്‍ബലരായിരിക്കുന്നവര്‍ അതു അംഗീകരിക്കേണ്ടി വരുന്നു. ഇതാണ് ബ്രാഹ്മണിസം. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നു. എല്ലാവരും തുല്യരാണ്. പക്ഷേ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്യരാണ്.

ഒരു പുതിയ മാര്‍ഗമായി അവ തരിക്കപ്പെട്ട ക്രിസ്തീയതയില്‍, ഈ ബ്രാഹ്മണിക മനോഭാവം നമ്മുടെ വിശ്വാസചൈതന്യത്തിന് എതിരാണ്. ''നിങ്ങള്‍ക്കിടയില്‍ അങ്ങനെയായിരിക്കരുത്''എന്നത് നമ്മുടെ കര്‍ത്താവിന്റെ കല്‍പനയാണ്. പക്ഷേ നമ്മളതു മറന്നു. ഒന്നാമനായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ദാസനായിരിക്കണം എന്നും സുവിശേഷത്തില്‍ നാം വായിക്കുന്നു. വളരെ മികവാര്‍ന്ന തുടര്‍ച്ചകളും വളര്‍ച്ചകളും കാണിച്ചുകൊണ്ട്, മറ്റുള്ളവരുടെ തുടക്കങ്ങളെ തമസ്‌കരിക്കുകയും തുടര്‍ച്ചകളേയും വളര്‍ച്ചകളേയും തുടക്കമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന പല പ്രവണതകളും ഉണ്ടായിട്ടുണ്ട്. ഇതു ചരിത്രത്തെ തെറ്റായി ധരിപ്പിക്കലാണ്. വ്യാജ ചരിത്രമാണ്.

കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ അവരുടെ ഭൂതകാലത്തെ കീഴടക്കുന്നതിനുള്ള പ്രയാണത്തിലാണ്. സ്വന്തം ചരിത്രത്തിനെതിരായ ഏത് അതിക്രമങ്ങള്‍ക്കെതിരെയും ഈ സമൂഹം ഇന്നു ധീരമായ നിലപാടെടുക്കുന്നു. ക്രിക്കറ്റിലെ മങ്കാഡിംഗ് എന്നു വേണമെങ്കില്‍ പറയാം. കെട്ടുകഥകളിലെന്ന പോലെ അധസ്ഥിതരെ നിയന്ത്രണത്തില്‍ നിറുത്തുന്നതിനുള്ള ഭാഷയും യുക്തിയും അവതരിപ്പിക്കപ്പെടുമ്പോള്‍ ചില പ്രതികരണങ്ങളും ഉണ്ടാകും.

നമുക്കൊരു വല്യേട്ടനെ ആവശ്യമില്ല. പള്ളത്ത് രാമന്‍, രാമായണത്തിനു പകരമായി രാവണായണം എഴുതി. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. പൊയ്കയില്‍ അപ്പച്ചന്‍ പുസ്തകം കത്തിച്ചു. ഇവയെല്ലാം പുതിയൊരു തനിമയും നിര്‍വചനവും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. പൗരസ്ത്യ വിദ്യാപീഠത്തെ പോലെ മികവുള്ള ഒരു വിജ്ഞാനകേന്ദ്രം അധഃസ്ഥിതരുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഇതിലേയ്ക്കു നമ്മുടെ സഭയാകെ ഉണരട്ടെ എന്നതാണ് എന്റെ പ്രാര്‍ത്ഥന.

വളരെ വേഗതയിലാണു പൗരസ്ത്യ വിദ്യാപീഠം മുന്നോട്ടു പോകുന്നത്. കൂടുതല്‍ തുറവിയും കൂടുതല്‍ സാഹോദര്യവും പ്രതീക്ഷിക്കുന്നു. നേതൃത്വപരമായ പങ്കു വഹിക്കുക. നമുക്കു വല്യേട്ടനൊന്നും വേണ്ട. സിനഡാലിറ്റിയാണ് ആവശ്യം. എന്റെ മുമ്പില്‍ നടക്കേണ്ട. എന്റെ പുറകിലും വരേണ്ട. നമുക്കൊപ്പം നടക്കാം.'

Next Story