'ദിവസവേതനക്കാരനാണ് പിഎംഎ സലാം', അന്ന് കച്ചറയുണ്ടാക്കിയിട്ടാണ് കിട്ടിയത്'; തുറന്നടിച്ച് എംഎസ്എഫ് നേതാക്കള്‍
പിഎംഎ സലാമിന് മുസ്ലീം ലീഗിന്റെയോ എംഎസ്എഫിന്റെയോ ഭരണഘടന അറിയില്ലായിരിക്കാം
13 Jan 2022 2:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹരിത വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് എംഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പുറത്താക്കിയ വിവരം ചന്ദ്രിക ദിനപത്രത്തിലൂടെയാണ് അറിഞ്ഞത്. യാതൊരു സംഘടനാ നടപടി ക്രമവും പാലിക്കാതെയാണ് നടപടി, പാര്‍ട്ടിയില്‍ നിന്നും ആളുകളെ പുറത്താക്കലാണ് പിഎംഎ സലാമിന്റെ ജോലിയെന്നും ലത്തീഫ് പറഞ്ഞു.
അഭിമാനകരമായ അസ്തിത്വം എന്ന നിലപാടില്‍ നിന്ന് ചില നേതാക്കള്‍ മാറിപോകുകയാണ്. ആരാണ് തനിക്കെതിരെ നടപടിയെടുത്തെതെന്ന് അറിയില്ല. പാര്‍ട്ടിയുടെ നേതാക്കന്മാരില് പലരും പുറത്താക്കിയ കാര്യം അറിഞ്ഞിട്ടില്ല. ചിലരെ പ്രീതിപ്പെടുത്താനായിരിക്കണം പുറത്താക്കിയത്. ഹരിത വിഷയത്തില്‍ നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്. നേതാക്കള്‍ പറഞ്ഞതിനാല്‍ മിനിറ്റ്സ് ഹാജരാക്കിയിട്ടില്ല. ആബിദ് ഹുസൈന് തങ്ങളുടെ കൈയിലാണ് മിനിറ്റ്സ് കൊടുത്തത്. മിനുട്സ് തിരുത്താന്‍ പറഞ്ഞത് നേതാക്കള്‍. പിഎംഎ സലാമിന്റെയും സി പി ചെറിയ മുഹമ്മദ്, ആബിദ് ഹുസൈന് തങളുടെയും ഇടപെടലാണ് ഇപ്പോഴുള്ള നടപടിക്ക് പിന്നില്‍. സംഘടനയുടെ പോക്കുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം തുറന്നു പറയുമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
പിഎംഎ സലാമിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാധ്യമങ്ങളിലൂടെ ലത്തീഫും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെഎം ഫയാസും ഉയര്‍ത്തിയത്.പിഎംഎ സലാമിന്റെ ഇപ്പോഴത്തെ പോസ്റ്റ് ദിവസവേതനത്തിലാണ്. ഒരു സ്ഥിര നിയമനം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. അതിനായി ചിലരെ പ്രീണിപ്പിക്കുന്നതിനായിട്ടാണ് ഇന്നലെ ലത്തീഫിനെതിരെ എടുത്ത നടപടിയെന്ന് കെഎം ഫയാസ് ആരോപിച്ചു.
'മുസ്ലീംലീഗില്‍ ഇപ്പോള്‍ സ്ഥിരം നിയമനമില്ല. 'ആക്ടീംഗ്' ജനറല്‍ സെക്രട്ടറിയാണ്. തിരൂരങ്ങാടിയില്‍ നിന്നും അഞ്ച് പേരേയും കൂട്ടി പാണങ്ങാട് പോയി കച്ചറ ഉണ്ടാക്കീട്ടാണ് പിഎംഎ സലാം സ്ഥാനത്തെത്തുന്നത്. കെപിഎ മജീദിനെ തോല്‍പ്പിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാം.' ഫയാസ് പറഞ്ഞു.
പിഎംഎ സലാമിന് മുസ്ലീം ലീഗിന്റെയോ എംഎസ്എഫിന്റെയോ ഭരണഘടന അറിയില്ലായിരിക്കാം. 1975 ല്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിക്കുമ്പോള്‍ പുറത്ത് പോയ ആളാണ് പിഎംഎ സലാം. ഭരണ ഘടന അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും ഫയാസ് പറഞ്ഞു.
- TAGS:
- PMA Salam
- Muslim League