Top

'എന്റെ മരണശേഷം കഴിയും വേഗം ശരീരം മെഡിക്കല്‍ കോളേജിന്'; മകന്‍ കാനഡയില്‍ നിന്നെത്താന്‍ കാക്കരുതെന്ന് ഡോ. അച്യുതന്റെ കുറിപ്പ്

11 Oct 2022 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ മരണശേഷം കഴിയും വേഗം ശരീരം മെഡിക്കല്‍ കോളേജിന്; മകന്‍ കാനഡയില്‍ നിന്നെത്താന്‍ കാക്കരുതെന്ന് ഡോ. അച്യുതന്റെ കുറിപ്പ്
X

കോഴിക്കോട്: മരണാന്തരം തന്റെ ശരീരം എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിന് നൽകണമെന്ന് അന്തരിച്ച മുതിർന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍റെ കുറിപ്പ്. ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മരണശേഷവും അത് തുടര്‍ന്നു. തന്റെ മരണ ശേഷം ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊടുക്കണം. നിലത്തിറക്കല്‍, വിളക്കുവെക്കല്‍, കുളിപ്പിക്കല്‍ എന്നിവ ചെയ്യരുതെന്നും മകന്‍ അരുണ്‍ കാനഡയില്‍ നിന്ന് എത്താന്‍ കാക്കരുതെന്നും അച്യുതന്‍ നിര്‍ദേശിച്ചിരുന്നു.

'വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ജാം ഒഴിവാക്കാനും അടുപ്പമുള്ള ചിലരൊഴികെ ആരും വീട്ടില്‍ വരേണ്ടതില്ല. ആശുപത്രിയില്‍ വെച്ചാണ് മരണമെങ്കില്‍ ശരീരം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. ശരീരദാനത്തിനുള്ള കടലാസുകള്‍ എന്റെ മകള്‍ മഞ്ജുളയുടെ കൈയിലുണ്ട്. ശരീരത്തില്‍ പുഷ്പചക്രം വെക്കുകയോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. എന്റെ ബയോഡാറ്റ അടുത്ത സുഹൃത്തുക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. മകളുടെ കൈയില്‍ ഒരു കോപ്പിയുണ്ട്.' അച്യുതന്‍ കുറിപ്പില്‍ പറയുന്നു.

അടുത്ത ബന്ധുമിത്രങ്ങള്‍ക്ക് എന്ന തലക്കെട്ടില്‍ 2018 ഡിസംബര്‍ 19നാണ് അദ്ദേഹം കുറിപ്പ് തയാറാക്കിയത്. കാനഡയിലുള്ള മകനെ കാത്തു നില്‍ക്കേണ്ടതില്ലെന്ന് എഴുതിയിരുന്നെങ്കിലും അദ്ദേഹം ആരോഗ്യ നില മോശമായതോടെ ഞായറാഴ്ച അരുണ്‍ നാട്ടിലെത്തിയിരുന്നു. മരണ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ഐസിയുവില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോഴാണ് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദേഹം കാണാനായതെന്ന് പ്രൊഫ. കെ ശ്രീധരന്‍ പറഞ്ഞു.

വാ‍‍ർധക്യ സഹജമായ അസുഖങ്ങളെ തുട‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്യുതൻ തിങ്കളാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് മരണപ്പെട്ടത്. തൃശ്ശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ ഇക്കണ്ടവാര്യരുടെയും മാധവി വാരസ്യാരുടെയും മകനായി 1933 ഏപ്രിൽ ഒന്നിനാണ് ജനനം. 2014ൽ 'പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

വിസ്‌കോൺസ് സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യിൽ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂർ, തിരുവനന്തപുരം എൻജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ്, കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Late environmentalist Dr A Achuthan's note about What To Do With His body After Death

Next Story