എറണാകുളം നഗരത്തില്‍ വന്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
30 Nov 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ആറോടെയാണ് ഇടപ്പളളി കുന്നുംപുറത്തുളള കെട്ടിടത്തിന് തീപിടിച്ചത്. അഗ്നിശമന സേന എത്തിയാണ് കെട്ടിടത്തിലെ തീഅണച്ചത്.
കെട്ടിടത്തില്‍ കുടുങ്ങി കിടന്ന മുഴുവന്‍ താമസക്കാരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. യാത്രക്കാരനായ കെഎസ്ഇബി ഉദ്യോഗസ്ഥനാണ് തീപിടിത്തം ആദ്യം കണ്ടത്. തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലേക്കുളള വൈദ്യുതി ബന്ധം വിഛേദിക്കുകയും കെഎസിബി ഓഫീസില്‍ വിവരമറിയിക്കുകയും ചെയ്തു. വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതോടെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി.
- TAGS:
- Eranakulam
- fire accident