കൊല്ലത്തും കണ്ണൂരും നിർമ്മാണ തൊഴിലാളികള്‍ക്കുമേല്‍ മണ്ണിടിഞ്ഞുവീണ് അപകടം; രണ്ട് മരണം
കൊല്ലം കണ്ണനല്ലൂരിലെ അപകടത്തില്‍ ചേരിക്കോണം സ്വദേശി പ്രദീപ് മരണപ്പെട്ടു
18 Dec 2021 9:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം, കണ്ണൂർ ജില്ലകളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കിടെ തൊഴിലാളികള്‍ക്കുമേല്‍ മണ്ണിടിഞ്ഞുവീണ് അപകടം. കൊല്ലം കണ്ണനല്ലൂരില്‍ മണ്ണിടിഞ്ഞുവീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. നട്ടെല്ലിന് ഗുരുതമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍മാണ ജോലിയുടെ ഭാഗമായി മണ്ണിടിക്കുന്നതിനിടെയായിരുന്നു അപകടം. കണ്ണനല്ലൂര്‍ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. അഞ്ചു പേരുടെ ശരീരത്തിലേക്കാണ് മണ്ണ് വീണത്. ഇതില്‍ മൂന്ന് പേര്‍ക്ക് സ്വയം രക്ഷപ്പെടാനായി. മറ്റു രണ്ട് പേരെ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റിയാണ് പുറത്തെടുത്തത്.
മണ്ണിടിഞ്ഞുവീണ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായി. എന്നാല്‍ മരിച്ച പ്രദീപിനെയും ചികിത്സയിലുള്ള തൊഴിലാളിയെയും പുറത്തെടുക്കാന്‍ വൈകി. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രദീപ് മരണപ്പെട്ടത്. മൃതദേഹം കൊട്ടിയതത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂര്‍ മട്ടന്നൂരില്‍ പെട്രോള്‍ പമ്പിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു; ഒരു മരണം, രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്
കണ്ണൂര്‍ മട്ടന്നൂർ കളറോഡില്‍ പെട്രോള്‍ പമ്പിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് നിർമ്മാണ തൊഴിലാളി മരിച്ചു. ചവശ്ശേരി സ്വദേശി സജിത്താണ് മരണപ്പെട്ടത്. പരിക്കേറ്റ ജിനേഷ്, ജനാര്ദ്ദനന് എന്നിവർ ചികിത്സയിലാണ്. പെട്രോള്‍ പമ്പിനായി കുഴിയെടുക്കുന്നതിനിടെ ആയിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.