കുഞ്ഞാലി മരക്കാര്‍ പാലം; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു
ദേശീയപാത പൊതുമരാമത്ത് എകസിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ചുമതല
12 Dec 2021 2:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതീകാത്മക ചിത്രം
തീരദേശ ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കൊയിലാണ്ടി-വടകര താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിച്ച് കുറ്റ്യാടിപ്പുഴയില്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലി മരക്കാര്‍ പാലത്തിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. പാലം നിര്‍മ്മാണത്തിനും അനുബന്ധ റോഡിനുമായി വടകര, ഇരിങ്ങല്‍ വില്ലേജുകളിലായി 42 കൈവശക്കാരുടെ 2.45 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
വടകര വില്ലേജില്‍ അഞ്ചു സര്‍വ്വേ നമ്പറുകളിലായ സാന്‍ഡ് ബാങ്ക്സില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ അടക്കം എട്ടുപേരുടെ 84.186 സെന്റും ഇരിങ്ങല്‍ വില്ലേജില്‍ 34 പേര് കൈവശക്കാരായ 1.61 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. റോഡ് നിര്‍മാണത്തിനായി വടകര താലൂക്കില്‍ 0.3407 ഹെക്ടറും കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങല്‍ വില്ലേജില്‍ 0.6513 ഹെക്ടറും ഉള്‍പ്പെടെ ആകെ 0.9920 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും. ഇക്കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ ഗസറ്റ് വിജ്ഞാപനം വന്ന് 60 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ കോഴിക്കോട് എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് (കിഫ്ബി) നല്‍കണമെന്ന് അറിയിച്ചിരുന്നു.
ദേശീയപാത പൊതുമരാമത്ത് എകസിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ചുമതല. നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്ന ഭൂമി സന്ദര്‍ശിച്ചു. പദ്ധതിയുടെ സാമൂഹികാഘാത പഠന ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ കേന്ദ്രമായ കെയ്റോസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍നിന്ന് സാമ്പത്തികാനുമതിയോടെയാണ് 59 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം നിർമ്മാണം.
കുറ്റ്യാടിപ്പുഴ മുറിച്ചുകടക്കുന്നിടത്ത് കോട്ടക്കടവ് അഴിമുഖത്തിന് സമീപം 547 മീറ്റര്‍ നീളത്തിലാണ് പാലം വരിക. ഇരിങ്ങല്‍ വില്ലേജിലെ കോട്ടക്കടവില്‍നിന്ന് തുടങ്ങി വടകര സാന്‍ഡ് ബാങ്ക്സിന് സമീപം പാലം അവസാനിക്കും. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഭവനം, കൊളാവിപ്പാലം ആമ വളര്‍ത്തുകേന്ദ്രം എന്നിവയാണ് പാലത്തിന് സമീപത്തെ ആകർഷണങ്ങള്.