'താനൊരു കോണ്‍ഗ്രസ് ഭക്ത, മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവുന്നത് സ്വപ്നത്തില്‍ പോലുമില്ല'; വാര്‍ത്ത നിഷേധിച്ച് ലാലി വിന്‍സെന്റ്
5 May 2022 6:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കെപിസിസി മുന്‍ ഉപാദ്ധ്യക്ഷ ലാലി വിന്‍സെന്റ്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചത് ബോധപൂര്‍വ്വമാണ്. തനിക്ക് അതില്‍ യാതൊരു പങ്കുമില്ല. താന്‍ കോണ്‍ഗ്രസ് വിട്ട് പോകുന്ന പ്രശ്നമില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. ന്യൂസ് 18നോടാണ് ലാലി വിന്‍സെന്റിന്റെ പ്രതികരണം.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടത് നേതൃത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അത്തരം ചര്‍ച്ച താനുമായി നടത്താനുള്ള ധൈര്യം ഇടത് നേതൃത്വത്തിന് ഉണ്ടെന്ന് കരുതുന്നില്ല. താന്‍ കോണ്‍ഗ്രസ് ഭക്തയാണ്. മറ്റാരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവുന്നത് തന്റെ സ്വപ്നത്തില്‍ പോലുമില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊണ്ടാണ് സജീവരാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നത്. പാര്‍ട്ടിയുമായി യാതൊരു പ്രശ്നങ്ങളുമില്ല. തനിക്ക് മറ്റൊരു പാര്‍ട്ടിയായി മാറുവാന്‍ കഴിയില്ല. കെവി തോമസുമായി മാത്രമല്ല എല്ലാ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
കുറച്ചു നാളുകളായി കോണ്‍ഗ്രസ് വേദികളില്‍ സജീവമല്ലായിരുന്നു ലാലി വിന്‍സെന്റ്. അതും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊന്നും ലാലി വിന്‍സെന്റിന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ വരാതിരുന്നതുമാണ് ലാലി വിന്‍സെന്റിനെ എല്‍ഡിഎഫ് പരിഗണിക്കുന്നുവോ എന്ന വാര്‍ത്തകള്‍ വരാന്‍ കാരണമായത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തറെ അഭിനന്ദിച്ചുകൊണ്ടുളളതാണ് ലാലി വിന്‍സെന്റിന്റെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അവസാനത്തെ പോസ്റ്റ്.
Story Highlights: lali vincent response about thrikkakkara ldf candidancy