ആഷിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റും; ഡെങ്കിപനിയെന്ന് സംശയം
ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
24 Oct 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖിംപ്പൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ ആശുപത്രിലേക്ക് മാറ്റാന്‍ സാധ്യത. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചത്.
ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലാബിലേക്ക് അയച്ച സാംപിളുകളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഡെങ്കിയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ലഖിംപ്പൂര്‍ ഖേരി ജില്ലാ ജയില്‍ സൂപ്രന്റ് പിപി സിങ് വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ്് യുപിയിലെ ലഖിംപ്പൂര്‍ ഖേരിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ആശിഷ് മിശ്രയടക്കമുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹം സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാലുകര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയരുകയും ആശിഷ് മിശ്രയെ ഒക്ടോബര്‍ ഒന്‍പതിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ ആശിഷ് മിശ്രയാണ് കര്‍ഷകരുടെ മേല്‍ ഇടിച്ചുകയറ്റിയ വാഹനം ഓടിച്ചിരുന്നതെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വിവാദ സംഭവം നടക്കുമ്പോള്‍ താന്‍ ലഖിംപ്പൂര്‍ ഖേരിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആശിഷിന്റെ വാദം.