'സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കുറവ്'; മോട്ടോര്‍വാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗതകമ്മീഷണര്‍
11 Nov 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം തുറന്ന് സമ്മതിച്ച് ഗതാഗതകമ്മിഷണര്‍. ഭൂരിഭാഗം മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്‍ഡ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അച്ചടക്ക നടപടികള്‍ നേരിടുന്നവരാണ്. അതിനാല്‍ ഇവരെ ചെക്പോസ്റ്റുകളില്‍ നിയമിക്കാന്‍ കഴിയില്ലെന്നുമാണ് ഗതാഗത കമ്മീഷണര്‍ എം.ആർ. അജിത് കുമാർ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
അച്ചടക്ക നടപടികള്‍ നേരിടാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളില്‍ ജോലിക്ക് നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധി നേരിടുന്നു എന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥര്‍ ചെക്പോസ്റ്റില്‍ ജോലിയെടുക്കാന്‍ വിസമ്മതിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ് പ്രകാരമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കുറവാണ് എന്നും ഗതാഗതകമ്മിഷണര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഗതാഗത കമ്മീഷണര്‍ നല്കിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍ നിയോഗിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളവരില്‍ നിന്നും ചെക്ക്പോസ്റ്റ് ഡ്യൂട്ടി ചെയ്യാന്‍ സമ്മതമുള്ള ഉദ്യോഗസ്ഥരെക്കൂടി ചെക്ക്പോസ്റ്റ് ഡ്യൂട്ടിക്ക് ഉള്‍പ്പെടുത്താവുന്നതാണ് എന്നാണ് ഭേദഗതി വരുത്തിയ ഉത്തരവിലുള്ളത്.