കൊവിഡ് പരിശോധന നിരക്ക് കുറച്ചത് ലാബുകളെ ബാധിക്കും; പ്രതിഷേധവുമായി ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്
നടപടി ഇല്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം
13 Feb 2022 3:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്. ആന്റിജന്‍, ആര് ടി പി സി ആര് നിരക്കുകള്‍ കുറച്ചത് ഉൾപ്പെടെ പിപിഇ കിറ്റ്, മാസ്ക് തുടങ്ങി സുരക്ഷാ സാമ ഗ്രികളുടെ നിരക്ക് കുറച്ചത് പിൻവലിക്കണമെന്നാണ് ആവശ്യം. സ്വകാര്യ ലാബ് മേഖലയിലുള്ളവരുമായി ചർച്ച നടത്താതെ കോവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കുന്ന നടപടി പിൻവലിക്കണം. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് നിവേദനം നല്കി. നടപടി ഇല്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.
ഏകപക്ഷീയമായി നിരക്ക് നിശ്ചയിക്കരുതെന്ന ഹൈക്കോടതി, ഐസിഎംആർ നിർദേശത്തിന് വിരുദ്ധമാണ് നിലവിലെ തീരുമാനമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. ഗുണമേൻമയുള്ള പരിശോധന കിറ്റുകൾ ലഭ്യമാക്കാനായി മറ്റ് ചെലവുകളും പരിഗണിക്കുമ്പോൾ ആർടിപിസിആർ 900 രൂപയും ആന്റിജൻ 250 രൂപയുമായി ഉയർത്തണമെന്നുമാണ് ആവശ്യം. അതേസമയം ഇടുക്കിയിലെ പല ലാബുകളിലും കൊവിഡ് പരിശോധന നിര്‍ത്തിയതായും പൊതുജനങ്ങളുടെ പരാതിയുണ്ട്.
കഴിഞ്ഞ ആഴ്ച്ചയാണ് ആന്റിജന്‍, ആര് ടി പി സി ആര് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ആരോ ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.