Top

കെവി തോമസ് ഇന്ന് പാർട്ടി കോൺഗ്രസ് വേദിയിൽ; എന്ത് പറയുമെന്നത് നിർണ്ണായകം

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാർ

9 April 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെവി തോമസ് ഇന്ന് പാർട്ടി കോൺഗ്രസ് വേദിയിൽ; എന്ത് പറയുമെന്നത് നിർണ്ണായകം
X

കണ്ണൂ‍‍ർ: കണ്ണൂരിൽ നടക്കുന്ന 23ാംമത് സിപിഐഎം പാർട്ടി കോൺഗ്രസിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാർ. സെമിനാറിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി കണ്ണൂരിലെത്തിയ കെ വി തോമസിന് ചുവപ്പ് ഷാൾ അണിയിച്ചാണ് സിപിഐഎം നേതൃത്വം സ്വീകരണം നൽകിയത്.

ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും വിലക്കുകൾ ലംഘിച്ച് എത്തുന്ന കെ വി തോമസിനെതിരെ കോൺഗ്രസിന്റെ നടപടി ഉടൻ ഉണ്ടാകും. കെ വി തോമസിന്റെ പ്രസംഗത്തിനുശേഷം നടപടിയെടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നടപടിയുടെ കാര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന് ഇടയിൽ അഭിപ്രായ ഭിന്നതയുണ്ട്. എഐസിസി അംഗമായ കെ വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ നടപടി വേണ്ട അവഗണിക്കുന്നതാണ് നല്ലതെന്ന നിർദ്ദേശമാണ് മറുഭാഗം ഉയർത്തുന്നത്. വിശദമായ കൂടിയാലോചനകൾക്ക് ശേഷം തോമസിന് എതിരെയുള്ള നടപടി ഇന്ന് കോൺഗ്രസ് പ്രഖ്യാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് കെവി തോമസ് സെമിനാർ വേദി പങ്കിടുക. സെമിനാറിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിയോടെ കെ വി തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ സിപിഐഎം നേതൃത്വം ഊഷ്മളമായ സ്വീകരണമാണ് തോമസിന് നൽകിയത്. പിണറായി മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണെന്നും പറയാനുള്ളത് സെമിനാർ വേദിയിൽ പറയുമെന്നും കെ.വി തോമസ് പ്രതികരിച്ചു. കോൺഗ്രസ് നടപടി എടുത്താൽ കെ വി തോമസിന് രാഷ്ട്രീയ സംരക്ഷണം ഒരുക്കുമെന്ന് സിപിഐഎം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

Story highlights: KV Thomas will attend the party congress in Kannur today

Next Story