സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഒരുങ്ങി കെവി തോമസ്; എഐസിസിയുടെ അനുമതി തേടി
4 April 2022 3:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കണ്ണൂരില്‍ നടക്കാനിരിക്കുന്ന 23മത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ താല്പര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇതിനായി എഐസിസിയുടെ അനുമതി നേടിയതായും കെ വി തോമസ് അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി തേടിയത് എന്ന് കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് നല്കിയ കത്തിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അന്തിമ തീരുമാനം എന്നും കെവി തോമസ് പ്രതികരിച്ചു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ കെവി തോമസ് പങ്കെടുക്കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന് കെപിസിസിയുടെ വിലക്കുണ്ടെന്നും, ഇത് മറികടന്ന് കെവി തോമസ് സഹകരിക്കുമെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരുമായും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി വിലക്ക് ചൂണ്ടിക്കാട്ടി മാറിനില്‍ക്കുകയായിരുന്നു എന്നും എംവി ജയരാജന് ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്തിന്റെ ദൗത്യം എല്ലാം എതിര്‍ക്കുക എന്നതല്ല, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയവും ഇതാണെന്നും എംവി ജയരാജന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Content Highlight: KV Thomas to attend CPIM party congress sought AICC permission