Top

'അഭയം വേണ്ടത് വീടില്ലാത്തവർക്ക്, ഞാനിപ്പോഴും കോൺ​ഗ്രസ് വീട്ടിൽ'; കോടിയേരിയോട് കെവി തോമസ്

27 April 2022 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭയം വേണ്ടത് വീടില്ലാത്തവർക്ക്, ഞാനിപ്പോഴും കോൺ​ഗ്രസ് വീട്ടിൽ; കോടിയേരിയോട് കെവി തോമസ്
X

എറണാകുളം: കോൺ​ഗ്രസിൽ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് കെവി തോമസ്. കോൺ​ഗ്രസ് ശക്തമായ വീടാണ്. കോൺ​ഗ്രസ് അം​ഗമായി തുടരുന്നതിനെ ആർക്കും എതിർക്കാനാവില്ലെന്നും കെവി തോമസ് പറഞ്ഞു. അച്ചടക്ക നടപടി സംബന്ധിച്ച് തനിക്ക് ഇതുവരെ നേതൃത്വത്തിൽ നിന്നും അറിയിപ്പൊന്നും വന്നിട്ടില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

'ഇതുവരെ യാതൊരു അറിയിപ്പും വന്നിട്ടില്ല. മാധ്യമങ്ങളിലെ വാർത്ത വെച്ച് എനിക്ക് മറുപടി പറയാൻ പറ്റില്ല. എഐസിസി മെമ്പർ എന്ന് പറയുന്നത് ഒരു ഇലക്ടഡ് പോസ്റ്റ് ആണ്. പക്ഷെ കോൺ​ഗ്രസ് മെമ്പറാവുക എന്നത് ആരുടെയും ഔതാര്യമല്ല,' കെവി തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കും കെവി തോമസ് മറുപടി നൽകി. 'ഞാൻ ആദ്യം പറഞ്ഞ കാര്യങ്ങളിൽ തന്നെ നിൽക്കുന്നു. രാഷ്ട്രീയ അഭയം വേണ്ടത് വീടില്ലാത്തവർക്കാണ്. ഞാൻ കോൺ​ഗ്രസെന്ന വീട്ടിൽ നിൽക്കുകയല്ലേ,' കെവി തോമസ് ചോദിച്ചു.

'കോൺ​ഗ്രസ് ശക്തമായ വീടല്ലേ. അവിടെ ഇരിക്കാമല്ലോ. ഏറ്റവും പ്രധാനപ്പെട്ടത് പ്രാഥമിക അം​ഗത്വമാണ്. ആ മെമ്പർഷിപ്പ് അവിടെയുണ്ട്. സ്ഥാനത്തിന് എന്താണ് പ്രധാന്യം. എന്റെ സ്ഥാനങ്ങളെല്ലാം എടുത്ത് മാറ്റി. എനിക്ക് ജനങ്ങൾ തന്ന സ്ഥാനം പോലും അവരെടുത്ത് മാറ്റി. 45 വർഷക്കാലം കോൺ​ഗ്രസിൽ പ്രവർത്തിച്ചയാളല്ലേ. ഇവർ ഇപ്പോൾ പറയുന്നത് നിങ്ങളുടെ കൂടെ ആരും ഇല്ലെന്നാണ്. ശരിയാണ് ഞാൻ ആരെയും കൂട്ടത്തിൽ കൊണ്ട് നടക്കുന്നില്ല. അങ്ങനെ ജനക്കൂട്ടത്തെ കൊണ്ട് നടന്നവർ നേതാക്കൻമാരൊക്കെ ഇപ്പോൾ ഒറ്റപ്പെട്ടിട്ടുണ്ട്,' കെവി തോമസ് പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് കെവി തോമസിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്. കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കി. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

story highlight: KV Thomas says he is still in congress despite indifferences

Next Story