Top

'32-ാം വയസ്സില്‍ താക്കോലുമായി പോയ ചിലരുണ്ട്, ഇപ്പോഴാണ് തിരിച്ചുവന്നത്'; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെ വി തോമസിന്റെ ഒളിയമ്പ്

12 May 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

32-ാം വയസ്സില്‍ താക്കോലുമായി പോയ ചിലരുണ്ട്, ഇപ്പോഴാണ് തിരിച്ചുവന്നത്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെ വി തോമസിന്റെ ഒളിയമ്പ്
X

തൃക്കാക്കര: കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കെ വി തോമസ്. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അച്ഛന്‍ മരിച്ചാല്‍ മകനും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും അധികാര സ്ഥാനങ്ങളില്‍ എത്തരുത് എന്നായിരുന്നു പി ടി തോമസിന്റെ നിലപാട് എന്ന് ഓര്‍മ്മിപ്പിച്ച കെ വി തോമസ്, അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആളുകള്‍ പി ടിയുടെ വാക്കുകള്‍ മറന്നുപോയോ എന്നും ചോദിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി എന്ത് വികസനമാണ് സംസ്ഥാനത്ത് നടന്നത് എന്ന ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ ദിവസത്തെ ചോദ്യത്തിന് അദ്ദേഹത്തിന് മറവിയുടെ അസുഖമുണ്ടെന്ന് കരുതുന്നില്ല എന്നായിരുന്നു മറുപടി. എന്നെ ക്ഷണിക്കാന്‍ ഇവിടെ കല്യാണമൊന്നും നടക്കുന്നില്ല എന്നാണ് എന്റെ നേതാക്കള്‍ പറയുന്നത്. ഞാന്‍ നേതാക്കന്മാരുടെ മക്കളുടെ കല്യാണത്തിനല്ല വന്നത്. ഏഴ് പ്രവാശ്യം തോറ്റവര്‍ക്ക് സീറ്റുകൊടുക്കാം, ജയിച്ചവര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. മാഷിക്ക് 73 വയസ്സായി, 78- 80 വയസ്സുള്ള ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ട്. ചില ആളുകള്‍ 32-ാം വയസ്സില്‍ താക്കോലുമായി പോയതണ്, ഇപ്പോഴാണ് തിരിച്ചുവരുന്നത്. അവര്‍ക്കൊന്നും ഞാന്‍ മറുപടി കൊടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കെവി തോമസിന്റെ വാക്കുകള്‍:

ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്‌നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകന്മാര്‍ക്ക് മാത്രമേ കഴിയൂ. അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ളൊരു മുഖ്യമന്ത്രിയുണ്ടെന്ന് സ്റ്റാലിന്റെ മുന്നില്‍വെച്ച് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ. എന്റെ അനുഭവമാണത്.

ഡല്‍ഹിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് ഗെയില്‍ പദ്ധതി എവിടെവരെയായി എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലര്‍ത്തിക്കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയില്‍ നടപ്പിലാക്കുമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. അദ്ദേഹം അത് നടപ്പിലാക്കി.

പി ടി തോമസ് എന്റെ അടുത്ത സുഹൃത്താണ്. ഇന്ന് പി ടിയില്ല. പി ടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പി ടിയുടെ സ്മരണകാക്കുന്ന ആളുകള്‍ പി ടി പറഞ്ഞത് മറന്നുപോയോ. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ. പി ടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍മ്മിക്കേണ്ടേ. പിണറായിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് മറവിയുടെ അസുഖമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാലാരിവട്ടം പാലം ജനങ്ങള്‍ യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണ്.

കെ റെയില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. പിണറായി ആണോ കൊണ്ടുവരുന്നത് അത് എതിര്‍ക്കം എന്നായിരുന്നു നിലപാട്. ആ സമീപനം കേരളത്തില്‍ ശരിയല്ല. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. പ്രതികൂല സാഹചര്യത്തില്‍, ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയം വേണ്ടെ എന്ന് ആന്റണി പ്രളയകാലത്ത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞു. ആ എകെ ആന്റണിയോട് ഞാന്‍ പറയുന്നു, കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപദേശം നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കണം. ഞാന്‍ ഇവിടെ വരുന്നത് കോണ്‍ഗ്രസുകാരനായിട്ടാണ്. കോണ്‍ഗ്രസ് എന്നുപറയുന്നത് അഞ്ച് രൂപ മെമ്പര്‍ഷിപ്പ് മാത്രമല്ല. അതൊരു വികാരമാണ്. കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. എന്ത് പറ്റി കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം.

വികസനത്തെക്കുറിച്ച് പറയുമ്പോള്‍, കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ പിണറായി വിജയന് ഒപ്പമാണ് എന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല.

ജോ ജോസഫിനെ ഇന്നാണ് ആദ്യമായി കാണുന്നത്. മകനും മരുമകള്‍ക്കും ജോ ജോസഫിനെ അറിയാം. അതല്ലാതെ ഒരു ബന്ധവും എനിക്കില്ല. എന്നെ ക്ഷണിക്കാന്‍ ഇവിടെ കല്യാണമൊന്നും നടക്കുന്നില്ല എന്നാണ് എന്റെ നേതാക്കള്‍ പറയുന്നത്. ഞാന്‍ നേതാക്കന്മാരുടെ മക്കളുടെ കല്യാണത്തിനല്ല വന്നത്. ഏഴ് പ്രവാശ്യം തോറ്റവര്‍ക്ക് സീറ്റുകൊടുക്കാം, ജയിച്ചവര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. മാഷിക്ക് 73 വയസ്സായി, 78- 80 വയസ്സുള്ള ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ട്. ചില ആളുകള്‍ 32-ാം വയസ്സില്‍ താക്കോലുമായി പോയതണ്, ഇപ്പോഴാണ് തിരിച്ചുവരുന്നത്. അവര്‍ക്കൊന്നും ഞാന്‍ മറുപടി കൊടുക്കുന്നില്ല.

STORY HIGHLIGHTS: KV Thomas replies to KPCC Leaders

Next Story