Top

'വീട്ടിൽ യെച്ചൂരി മാത്രമല്ല മൻമോഹൻ സിംഗും വി പി സിംഗും വന്നിട്ടുണ്ട്' സുധാകരന് മറുപടി നൽകി കെ വി തോമസ്

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ തനിക്ക് 48 മണിക്കൂർ മതി, ഒരാഴ്ചയുടെ ആവശ്യമില്ല

11 April 2022 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടിൽ യെച്ചൂരി മാത്രമല്ല മൻമോഹൻ സിംഗും വി പി സിംഗും വന്നിട്ടുണ്ട് സുധാകരന് മറുപടി നൽകി കെ വി തോമസ്
X

കൊച്ചി: തന്റെ വീട്ടിൽ സീതാറാം യെച്ചൂരി മാത്രമല്ല മൻമോഹൻ സിംഗും വി പി സിംഗും വന്നിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് മനസ്സിലായല്ലോ. കെ വി തോമസിന്റെ ഉടമസ്ഥതയിലുളള റിസോർട്ടിലാണ് യെച്ചൂരി താമസിക്കുന്നതെന്ന കെ സുധാകരന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

''സെമിനാറിനായി കണ്ണൂരിലെത്തിയാൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് എന്തായി, എന്റെ വീട്ടിൽ യെച്ചൂരി മാത്രമല്ല താമസിച്ചത്, മൻമോഹൻ സിംഗ് വന്നിട്ടുണ്ട്, വി പി സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോൾ തന്നെ മനസ്സിലായില്ലേ.? സെമിനാറിൽ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ല" കെ വി തോമസ് പറഞ്ഞു.

കോൺഗ്രസ് അച്ചടക്ക സമിതിയോട് 2018 മുതലുള്ള കാര്യങ്ങൾ വിശദീകരിച്ച് മറുപടി നൽകും. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ തനിക്ക് 48 മണിക്കൂർ മതി, ഒരാഴ്ചയുടെ ആവശ്യമില്ല. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മുകാർ അല്ല കോൺഗ്രസുകാരാണെന്നും കെവി തോമസ് പറഞ്ഞു. ''ഈ ഏർപ്പാട് നിർത്തണമെന്ന് സുധാകരനോട് ഞാൻ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് ചെയ്യാൻ പറ്റും, ആളുകൾ അല്ലേ, നമ്മൾ അല്ലല്ലോ എന്ന മറുപടിയാണ് സുധാകരൻ നൽകിയത്. എന്നെ മാത്രമല്ല, ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്ക് നേരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്. ''

മകൾ മത്സരിക്കാൻ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് കെവി തോമസ് പറഞ്ഞു. മക്കൾക്ക് മത്സരിക്കാനൊന്നും താൽപര്യമില്ല. ചില മാധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. മാധ്യമങ്ങൾ പക്വത കാണിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

''സെമിനാറിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണ്. ഞാൻ അച്ചടക്കം ലംഘിച്ചിട്ടില്ല. സെമിനാറിന് പോകരുത് എന്ന സമീപനത്തോട് എതിർപ്പുള്ളതുകൊണ്ടാണ് പോയത്. അച്ചടക്ക സമിതി പരാതി പരിശോധിക്കട്ടേ. ആരാണ് ശരിയെന്നും തെറ്റെന്നും. എന്ത് തീരുമാനവും അംഗീകരിക്കും.''

ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

Story highlights: KV Thomas replied to K Sudhakaran

Next Story