കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെവി തോമസ്; പിന്തുണ ഐക്യജനാധിപത്യമുന്നണിക്കാണെന്ന് പറയാതെ മുന്‍ എംപി
4 May 2022 2:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സംസ്ഥാന നേതൃത്വവുമായി ഉടക്കില്‍ നില്ക്കവേ പാര്‍ട്ടി അംഗത്വം പുതുക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. അടുത്ത സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് തോമസ് അംഗത്വം പുതുക്കിയത്.
അതേ സമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ഏത് മുന്നണിക്കാണെന്ന് അറിയാന്‍ അല്പം കൂടി കാത്തിരിക്കണമെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്നും ഉള്ളത് രാഷ്ട്രീയം മാത്രമാണെന്നും കെവി തോമസ് പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബുധനാഴ്ചയ അറിയാന്‍ കഴിയും. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജന്റെയും മന്ത്രി പി രാജീവിന്റെയും സാന്നിദ്ധ്യത്തില്‍ സിപിഐഎമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച കൂടിയാലോചന നടത്തി ഏകദേശ ധാരണയിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ഈ പേര് ചര്‍ച്ച ചെയ്യും. പാര്‍ട്ടി ജില്ല കമ്മറ്റിയംഗം അഡ്വ കെഎസ് അരുണ്‍ കുമാറിന്റെ പേരാണ് ഒന്നാമതായി ഇപ്പോഴുള്ളത്. കൊച്ചി കോര്പ്പറേഷന് മേയര്‍ എം അനില്‍ കുമാറിനെ പരിഗണിക്കുന്നുണ്ടെങ്കിലും കോര്പ്പറേഷന് ഭരണം തുലാസിലാവുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. അത് കൊണ്ട് അനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത കുറവാണ്.
ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫിന്റെയും പേര് സജീവമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കാനിറങ്ങണം എന്ന ആലോചന സജീവമാണ്. അത് കൊണ്ട് തന്നെ കൊച്ചുറാണി എന്ന പേരല്ലാതെ മറ്റൊരു പേരും പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഡിവൈഎഫ്ഐ നേതാവ് പ്രിന്‍സി കുര്യാക്കോസ് എന്നീ പേരുകളും സിപിഐഎമ്മിന്റെ ചര്‍ച്ചകളിലുണ്ടായിരുന്നു. ഉമ തോമസ് പ്രചരണം ആരംഭിച്ചതോടെ എല്‍ഡിഎഫും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചേക്കും.
Story Highlights: kv thomas renew congress membership