'സുധാകരന്റെ കത്തില്‍ എന്നെ പുറത്താക്കാനാവില്ല'; നടപടി വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് കെ.വി.തോമസ്
പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് കെവി തോമസ്. അദ്ദേഹത്തെ പാര്‍ട്ടിക്ക് വേണ്ടെന്ന് കെ സുധാകരന്.
9 April 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കത്ത് നല്‍കിയത് കൊണ്ട് തന്നെ പുറത്താക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും നടപടി വന്നാല്‍ അപ്പോള്‍ നോക്കാമെന്നും കെ.വി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പാര്‍ട്ടി പുറത്താക്കുമെന്നാണ് കരുതുന്നതെന്ന് കെ സുധാകരന് പറഞ്ഞു. ''പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് കെവി തോമസ്. അദ്ദേഹത്തെ പാര്‍ട്ടിക്ക് വേണ്ട. പുറത്താക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് ഞാന്‍ പറയുന്നത്. സിപിഐഎം വേദിയില്‍ പോയതില്‍ പാര്‍ട്ടിക്കാരുടെ മനസ് വേദനിച്ചിട്ടുണ്ട്.'' നിരവധി കോണ്‍ഗ്രസ് പ്രവര്ത്തനകരുടെ ചോര വീണ മണ്ണിലാണ് തോമസ് ഇന്ന് സംസാരിച്ചതെന്ന് സുധാകരന് പറഞ്ഞു.
കെവി തോമസിനെതിരെ കെപിസിസിക്ക് നടപടി എടുക്കാനാവില്ലെന്നും സുധാകരന് പറഞ്ഞു. ''അദ്ദേഹം എഐസിസി മെമ്പറാണ്. വിഷയത്തില്‍ എഐസിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കെ വി തോമസ് കാണിച്ചത് തറവാടിത്തമില്ലായ്മയാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് കെ വി തോമസ് കാണിക്കുന്നത്. കൂറ് അങ്ങും ശരീരം ഇങ്ങും. ഇത് അംഗീകരിക്കില്ല. കെ വി തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കിയതില്‍ കുറ്റബോധമുണ്ട്. നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ് ഇപ്പോള്‍ നടക്കുന്നത്. യെച്ചൂരിയുമായി തോമസിന് അടുത്ത ബന്ധമാണ്. സിപിഐഎമ്മുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പല തവണ അത് വിലക്കിയിരിക്കുന്നു.''-സുധാകരന് പറഞ്ഞു.