Top

'എനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും, എവിടെയാണ് സെമി കേഡര്‍'; തുറന്നടിച്ച് വീണ്ടും കെവി തോമസ്

11 April 2022 3:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും, എവിടെയാണ് സെമി കേഡര്‍; തുറന്നടിച്ച് വീണ്ടും കെവി തോമസ്
X

എറണാകുളം: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരിലുള്ള അച്ചടക്ക നടപടി എഐസിസി പരിഗണിക്കുന്നതിനിടെ നിലപാടുകള്‍ ആവര്‍ത്തിച്ച് കെവി തോമസ്. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായ തന്റെ നിലപാട് കെവി തോമസ് ആവര്‍ത്തിച്ചത്്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം സംസ്ഥാന നേതാക്കള്‍ തനിക്കെതിരെ നില കൊള്ളുന്നു എന്നത് പുതിയ കാര്യമല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. എഐസിസി നടപടി ഉണ്ടാകുന്നതിനു മുന്‍പേ തനിക്കെതിരെ ജാഥ നടന്നെന്നും കെവി തോമസ് ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. എവിടെയാണ് സെമി കേഡര്‍ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമാണ് എന്നും കുറ്റപ്പെടുത്തി. തനിക്ക് എതിരെ നടപടി വേണമെന്ന കെപിസിസിയുടെ ശുപാര്‍ശ പരിഗണിക്കാന്‍ അച്ചടക്ക സമിതി യോഗം ചേരുന്നുണ്ട്. തനിക്ക് എതിരെ നടപടി എടുക്കുന്നതില്‍ കമ്മിറ്റിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല, കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നത്. പാര്‍ട്ടിയില്‍ ഓട് പൊളിച്ചു വന്ന ആളല്ല താനെന്നും കെവി തോമസ് ആവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആക്ഷേപങ്ങളെയും കെവി തോമസ് തള്ളി. നയാ പൈസ പാര്‍ട്ടിയില്‍ നിന്ന് എടുത്തിട്ടില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കുമ്പളങ്ങിക്കാര്‍ക്ക് എന്നെ അറിയാമെന്നും കെവി തോമസ് പ്രതികരിച്ചു.

കെവി തോമസിനെതിരായ നടപടി പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും നേതൃത്വം എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിന്നാലെ ആയിരുന്നു സംസ്ഥാന നേതാക്കള്‍ തനിക്കെതിരെ നില കൊള്ളുന്നു എന്നത് പുതിയ കാര്യമല്ലെന്ന് കെവി തോമസ് പറഞ്ഞത്. 2019 സീറ്റ് നിഷേധിച്ചപ്പോള്‍ മുതല്‍ അതാണ് സമീപനം. എന്ത് നീതിയാണ് തന്നോട് ചെയ്തത് എന്നും അദ്ദേഹം ചോദിക്കുന്നു.

Content Highlight: kv thomas reaction after cpim party congress controversy

Next Story