അച്ചടക്ക സമിതിയില്‍ പ്രതീക്ഷയുണ്ടെന്ന് കെവി തോമസ്; 'സംസ്ഥാന നേതൃത്വം മുന്‍വിധിയോടെ സമീപിക്കുന്നു'
13 April 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പാര്‍ട്ടി അച്ചടക്ക നടപടിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതൃത്വം മുന്‍വിധിയോടെയാണ് സമീപിക്കുന്നത്. വിചാരണ പൂര്‍ത്തിയാകും മുമ്പ് ശിക്ഷ വിധിക്കും പോലെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ചൊവ്വാഴ്ച കാര്യങ്ങള്‍ താന്‍ വിശദീകരിക്കുമെന്നും കെവി തോമസ് പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പിന്തുണച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ന്യായീകരിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളി ആരാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതൃത്വത്തെ തള്ളിപറയുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിക്ക് അപമാനമാണെന്നും കുന്നപ്പള്ളിക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
കെ വി തോമസിനെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. കെ വി തോമസ് കഴിഞ്ഞ ഒരു വര്‍ഷമായി സിപിഐഎം നേതാക്കളുമായി ചര്‍ച്ചയിലാണെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കത്തില്‍ ആരോപിച്ചിരുന്നു. നടപടിയെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും രംഗത്തെത്തിയിരുന്നു.
Story Highlights: KV thomas reaction about aicc action