സോണിയ അംഗീകരിച്ചു; കെവി തോമസ് രാഷ്ട്രീയകാര്യ സമിതി, കെപിസിസി എക്സിക്യൂട്ടീവില്‍ എന്നിവയില്‍ നിന്നും പുറത്ത്
എഐസിസി അംഗത്വം തിടുക്കപ്പെട്ട് നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്
26 April 2022 7:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കി. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കെപിസിസി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി, കെപിസിസി എക്സിക്യൂട്ടീവ് എന്നിവയില്‍ നിന്നും കെവി തോമസ് പുറത്താവുന്ന നിലയുണ്ടാവും. എന്നാല്‍ എഐസിസി അംഗത്വം തിടുക്കപ്പെട്ട് നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സംഘടനാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികമാണെന്നാണ് വിശദീകരണം.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് അച്ചടക്ക സമിതി കെവി തോമസിന് എതിരായ നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കിയത്.
കെ വി തോമസിന് താക്കീത് നല്‍കുകയും ഇതിനൊപ്പം പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനുമായിരുന്നു എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ. കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കേണ്ടതില്ലെന്ന് ഒരു വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇതുള്‍പ്പെടെ പരിഗണിച്ചാണ് അച്ചടക്ക സമിയുടെ ശുപാര്‍ശ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആരോപണ വിധേയനായിരുന്ന പഞ്ചാബ് മുന്‍ പിസിസി പ്രസിഡന്റ് സുനില്‍ ഝാക്കറിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും അച്ചടക്കസമതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എ.കെ. ആന്റണി അധ്യക്ഷനായ സമിതി സുനില്‍ ഝാക്കറിന് കഴിഞ്ഞയാഴ്ച കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, മറുപടി നല്‍കില്ലെന്ന നിലപാടിലാണു ഝാക്കര്‍.
അതേസമയം, തോമസിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു കെപിസിസിയുടെ നിലപാട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമമാണെന്നും, അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണെന്നുമായിരുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെ കെവി തോമസിന്റെ പ്രതികരണം. താനെന്നും കോണ്‍ഗ്രസുകാരനായി തുടരും, എന്നാല്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളിലൊക്കെ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കുന്നു. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കുമാകില്ല. കോണ്‍ഗ്രസ് തന്റെ വികാരമാണ്. നേതൃത്വത്തിന്റെ ഔദ്യോഗിക അറിയിപ്പിന് വന്നതിനുശേഷം തന്റെ മറുപടി അറിയിക്കാമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
STORY HIGHLIGHTS: KV Thomas is out of the Political Affairs Committee and the KPCC Executive