'ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്ന പ്രതീക്ഷ'; ഉമാ തോമസിനെ അഭിനന്ദിച്ച് കെ വി തോമസ്
3 Jun 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. ചെറിയ മാര്‍ജിന്‍ എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചരുന്നത്. ഉമാ തോമസിനോടുള്ള വ്യക്തിപരമായ താല്പര്യമോ അല്ലെങ്കിൽ മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളോ വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ ജനം അംഗീകരിക്കുന്നില്ലെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫിന്റെ തോൽവിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. അതിൽ കൂടുതൽ ദുഃഖിക്കുന്നതിലോ സന്തോഷിക്കുന്നതിലോ പ്രസക്തിയില്ല. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയിൽ നടന്നിരുന്നു. തോൽവി സ്വഭാവികമായും പരിശോധിക്കപ്പെടും. യുഡിഎഫ് പോലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയെന്ന സമീപനം ശരിയല്ല. സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോ ജോസഫ്." കെ വി തോമസ് പറഞ്ഞു.
2024 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബലാബലം ആകുമെന്ന് പറയാൻ സാധിക്കില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുകയാണെന്നും കെ വി തോമസ് പറഞ്ഞു. സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണ്. അത് തെറ്റാണെന്ന് തോന്നുന്നില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് കണ്ട് എടുത്ത തീരുമാനമല്ലെന്നും കണ്ണൂരിലെ പാർട്ടി കോൺഗ്രസ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. തിരുത, ജൂനിയർ മാൻഡ്രാക്ക് തുടങ്ങിയ പരിഹാസങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കരുണാകരനും പിണറായിയും ഇതുപോലെ പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ഞാൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കെ വി തോമസ് പറഞ്ഞു.
STORY HIGHLIGHTS: KV Thomas congratulates Uma Thomas