'കോണ്‍ഗ്രസിനെ നയിക്കുന്നയാള്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് നടക്കുകയാണ്, വിഷമമുണ്ട്'; തുറന്നടിച്ച് കെവി തോമസ്
തൃക്കാക്കരയില്‍ വീടുകയറി പ്രവര്‍ത്തിക്കും, സ്ഥാനാര്‍ത്ഥിയെ പോലെ സജീവമായി വോട്ട് പിടിക്കാന്‍ ഇറങ്ങും
6 May 2022 4:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തെയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കോണ്‍ഗ്രസിനെ നയിക്കുന്നയാള്‍ കാഠ്മണ്ഡുവില്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് നടക്കുകയാണ്. ഇങ്ങനെയാണോ പാര്‍ട്ടിയെ നയിക്കേണ്ടത് എന്നും കെവി തോമസ് ചോദിക്കുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് ഹൈക്കമാന്‍ഡ് അച്ചടക്ക നടപടിയെടുത്ത സംഭവത്തിനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമാണ് കെവി തോമസ് തുറന്നടിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ ആയിരുന്നു കെവി തോമസിന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ നയിക്കുന്നയാളാണ് രാഹുല്‍ ഗാന്ധി, അദ്ദേഹം കാഠ്മണ്ഡുവില്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് നടക്കുകയാണ്. കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി 75ാം ജന്മദിനം ആഘോഷിക്കുമ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ നടപടികളില്‍ കോണ്ഗ്രസുകാരന് എന്ന നിലയില്‍ വേദനയും ദുഃഖവും തോന്നുന്നു. ഇങ്ങനെയാണോ പാര്‍ട്ടിയെ നയിക്കേണ്ടത് എന്നാണ് കെവി തോമസ് ഉന്നയിക്കുന്ന ചോദ്യം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിലവില്‍ പാര്‍ട്ടിയില്‍ നിസ്സഹായയാണ് എന്നും കെവി തോമസ് കുറ്റപ്പെടുത്തി. രാഹുലിനെയും പ്രിയങ്കയെയും വിട്ടുള്ള ഏര്‍പ്പാട് സോണിയക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥാനത്ത് നിന്നും മാറ്റിയ കത്തില്‍ ഒപ്പുവച്ചത് സോണിയ ഗാന്ധി ആയിരുന്നു. അങ്ങനെയുള്ള സോണിയയുടെ നിഷ്കളങ്കതയെ ഏത് പരിധിവരെ താന്‍ വിശ്വസിക്കും. സോണിയ അയക്കുന്ന ഏജന്റുമാരോട് ഞാനിതാണ് ചോദിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് തന്നെ അപമാനിച്ചു. അദ്ധ്യാപകനായ താന്‍ അത്തരം അപമാനങ്ങള്‍ അര്‍ഹിക്കുന്നില്ല. കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കം തന്നെ അപമാനിച്ചെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ഒപ്പം പ്രവര്‍ത്തിക്കും എന്ന സൂചനയും കെവി തോമസ് വ്യക്തമായി നല്കുന്നു. തൃക്കാക്കരയില്‍ സ്വീകരിക്കുന്ന തന്റെ നിലപാട് ഈ മാസം ഒമ്പതിനോ 11 നോ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തൃക്കാക്കരയില്‍ വീടുകയറി പ്രവര്‍ത്തിക്കും, സ്ഥാനാര്‍ത്ഥിയെ പോലെ സജീവമായി വോട്ട് പിടിക്കാന്‍ ഇറങ്ങും. ജനങ്ങളില്‍ നിന്ന് അകലുന്ന കോണ്‍ഗ്രസിന്റെ സംസ്കാരം ചൂണ്ടിക്കാട്ടിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ എന്നും കെവി തോമസ് വ്യക്തമാക്കുന്നു.
തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൃത്യമായി പറയും. ചില ചോദ്യങ്ങള്‍ ഇതിനായി ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുമെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടുന്നു. വികസനത്തിന് ഒപ്പമാണോ?. കോണ്‍ഗ്രസ് തകര്‍ച്ച കാണുന്നുണ്ടോ?. പാര്‍ട്ടിയിലെ ഏകാധിപത്യം കാണുന്നുണ്ടോ?. എന്നിങ്ങനെയുള്ള വിഷയങ്ങളായിരിക്കും ഉന്നയിക്കുക എന്നും കെവി തോമസ് വ്യക്തമാക്കുന്നു. തൃക്കാക്കരയില്‍ സഹതാപ വോട്ട് ഉണ്ടാവില്ലെന്ന് കെവി തോമസ് ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കമ്യൂണിസത്തോട് ലോകത്തിന്റെ തന്നെ നിലപാട് മാറിയെന്നും കെവി തോമസ് വ്യക്തമാക്കുന്നു. കേരളത്തിലെ സഭകളുടെ നിലപാട് മുതല്‍ മാര്‍പ്പാപ്പ സ്വീകരിക്കുന്ന നയങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയായിരുന്നു കെവി തോമസ് ഇക്കാര്യം വിശദീകരിക്കുന്നത്. കമ്യൂണിസ്റ്റ്കാരോടുള്ള കത്തോലിക്ക സഭയുടെ നിലപാട് വലിയ തോതില്‍ മാറിയിട്ടുണ്ട്. മാര്‍പാപ്പക്ക് പോലും കമ്യൂണിസത്തോളുള്ള നിലപാട് മാറി.
ആഗോള തലത്തില്‍ തന്നെ മാറ്റം വന്നു. പണ്ട് കമ്യൂണിസ്റ്റ്കാരെ കേരളത്തില്‍ തെമ്മാടിക്കുഴിയിലാണ് അടക്കിയത്. ഇന്ന് തെമ്മാടിക്കുഴിയില്ല. കമ്മ്യൂണിറ്റുകാര്ക്ക് കല്യാണം കഴിച്ചു കൊടുക്കില്ലായിരുന്നു ഇപ്പോള്‍ മെത്രാന്മാര് വന്ന് വിവാഹം നടത്തിക്കൊടുക്കുമെന്നും കെവി തോമസ് ചൂണ്ടിക്കാട്ടുന്നു.
Story Highlight: kv Thomas against Rahul Gandhi and congress leadership