വിലക്ക് എംപിമാരുണ്ടാക്കിയ സമ്മര്‍ദ്ദത്തിന് പിന്നാലെയെന്ന് കെവി തോമസ്; 'കോണ്‍ഗ്രസ് 2024ല്‍ തിരിച്ച് വന്നില്ലെങ്കില്‍ പിന്നെയെന്ന് തിരിച്ചുവരാന്‍'
സിപിഐഎം സമ്മേളനത്തിനല്ല, സെമിനാറില്‍ പങ്കെടുക്കാനാണ് പോകുന്നതെന്ന് കെവി തോമസ്.
7 April 2022 3:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കരുതെന്ന വിലക്ക് കേരളത്തിലെ എംപിമാരുണ്ടാക്കിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണെന്ന് കെവി തോമസ്. വിലക്ക് അംഗീകരിച്ച് കൊണ്ട് തരൂര്‍ കേന്ദ്രനേതൃത്വത്തിന് നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതെന്ന് കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയതലത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. കേരളത്തില്‍ രണ്ട് തട്ടാണെങ്കിലും ദേശീയ ഐക്യം തകര്‍ക്കരുതെന്നും തരൂര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കെവി തോമസ് പറഞ്ഞു.
''സിപിഐഎം സമ്മേളനത്തിന് അല്ല ഞാന്‍ പോകുന്നത്. സെമിനാറില്‍ പങ്കെടുക്കാനാണ് പോകുന്നത്. കേന്ദ്രസംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള വളരെ പ്രധാന്യമുള്ള ചര്‍ച്ചയാണത്. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചയ്ക്ക് പോകുന്നത്. മുന്‍പ് മന്മോഹന് സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.''-കെവി തോമസ്.
''കേന്ദ്രം ഭരിക്കുന്നത് മതേതരത്വം ഉള്‍ക്കൊള്ളാത്ത ഏകാധിപത്യ സ്വഭാവമുള്ള ബിജെപിയാണ്. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് തനിച്ച് നില്ക്കാന് സാധിക്കില്ല. കോണ്‍ഗ്രസ് 2024ല്‍ തിരിച്ച് വന്നില്ലെങ്കില്‍ പിന്നെ എന്ന് തിരിച്ചുവരാനാണ്. നേതാക്കള്‍ ഇത് ആലോചിക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് എന്റെ ആഗ്രഹം.'' നയിക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെതിരെയും കെവി തോമസ് വിമര്‍ശനം ഉന്നയിച്ചു. ''കെപിസിസി പ്രസിഡന്റ് പല കാര്യങ്ങളും പറയുന്നുണ്ട്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. ചര്‍ച്ചയ്ക്ക് പോകുമെന്ന് പറഞ്ഞപ്പോള്‍ എന്താണ് സ്വീകരിക്കേണ്ട സമീപനമെന്ന് പറഞ്ഞിട്ടില്ല. പകരം പോയാല്‍ പാര്‍ട്ടിക്ക് പുറത്ത് എന്നാണ് പറഞ്ഞത്. അങ്ങനെയൊരു ധിക്കാരത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നാണ് ഞാന്‍ പറയുന്നത്. അടിച്ചമര്‍ത്തേണ്ട പാര്‍ട്ടി അല്ലല്ലോ കോണ്‍ഗ്രസ്. ഇങ്ങനെയൊരു തീരുമാനം മറ്റ് മുതിര്‍ന്ന നേതാക്കളോട് സംസാരിച്ചിട്ടല്ല സുധാകരന് സ്വീകരിച്ചതെന്നാണ് ഞാന്‍ അറിഞ്ഞത്. പോയാല്‍ പുറത്ത് എന്നല്ല പറയേണ്ടത്.''
താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെവി തോമസ് പറഞ്ഞു. ഒരു കോണ്ഗ്രസുകാരന് എങ്ങനെയാണോ ജീവിക്കേണ്ടത്, അതുപോലെ തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോകുക. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ നേതാക്കളുടെ ശിങ്കടികളാണെന്നും അവരെയൊന്നും നിലയ്ക്ക് നിര്‍ത്താന്‍ നേതാക്കള്‍ സാധിക്കുന്നില്ലെന്നും കെവി തോമസ് ചൂണ്ടിക്കാണിച്ചു.