Top

''ഇ‌ടതുപക്ഷ പ്രസ്ഥാനത്തിനേറ്റ ആഘാതം'; ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെവി തോമസ്

10 April 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ‌ടതുപക്ഷ പ്രസ്ഥാനത്തിനേറ്റ ആഘാതം; ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച്   കെവി തോമസ്
X

എറണാകുളം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന് അനുശോചനം അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെവി തോമസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ മുഖമായിരുന്നു ജോസഫെെനെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത ആഘാതമാണ് ജോസഫൈന്റെ വിയോ​ഗമെന്നും കെവി തോമസ് അനുശോചിച്ചു.

'സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ ഒരു സ്ത്രീ മുഖമായിരുന്നു അവരുടേത്. ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴുള്ള അവരുടെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു ആഘാതമാണ്,' കെവി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജോസഫെെന്റെ അന്ത്യം. മൃതദേഹം അഞ്ച് മണിയോടെ എറണാകുളത്തേക്ക് കൊണ്ടുപോകും. ഭൗതിക ശരീരം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനല്‍കുന്നത്. ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നത്. തിങ്കളാഴ്ച്ച ഉച്ചക്ക് 2 ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.

ഇന്നലെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ചാണ് ജോസഫെെന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2017 മാർച്ച് മാസം മുതൽ 2021 ജൂൺ 25 വരെ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു. ജി.സി.ഡി.എ. ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണുമായിരുന്നു.


story highlight: KV Thomas about mc Josephine

Next Story