Top

'കുറച്ച് ഭൂമി കൂടി അപ്പുറത്തുണ്ട്, അതുകൂടി ഒന്നെടുത്തെങ്കില്‍..'; അന്നത്തെ സമരക്കാരിലൊരാള്‍ അടുത്തിടെ പറഞ്ഞത് പങ്കുവച്ച് അബ്ദുള്‍ ഖാദര്‍

ദേശീയപാത 66നായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് വന്‍ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കിയത്.

18 March 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറച്ച് ഭൂമി കൂടി അപ്പുറത്തുണ്ട്, അതുകൂടി ഒന്നെടുത്തെങ്കില്‍..; അന്നത്തെ സമരക്കാരിലൊരാള്‍ അടുത്തിടെ പറഞ്ഞത് പങ്കുവച്ച് അബ്ദുള്‍ ഖാദര്‍
X

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ദേശീയപാത, ഗെയില്‍ വിരുദ്ധ സമരങ്ങളുടെ ഗതി തന്നെയാകുമെന്ന് മുന്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍. കെ റെയില്‍ വിരുദ്ധരുടെ നാടകങ്ങള്‍ കൊണ്ട് നാടിന് പ്രയോജനമില്ലെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പദ്ധതി തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ദേശീയപാത 66നായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് വന്‍ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കിയത്. ചരിത്രത്തിലെ ഒരു സര്‍ക്കാരും നല്‍കാത്ത ഭൂനഷ്ടപരിഹാരമാണ് ഇടതുസര്‍ക്കാര്‍ നല്‍കിയതെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പിന്നീട് തന്റെ സ്ഥലം കൂടി ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന പോലും പറഞ്ഞവരുണ്ടെന്നും അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞത്: കേരളത്തില്‍ കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ വലിയ വാര്‍ത്തയാണല്ലൊ ഇപ്പോള്‍. ഭൂമി യാതൊരു പ്രതിഫലവും നല്‍കാതെ തട്ടിപ്പറിച്ചെടുക്കുന്നേ 'കിരാതനായ ' പിണറായി എന്ന മട്ടിലാണ് വാര്‍ത്തകളും ചിലരുടെ പ്രതികരണങ്ങളും..നാടിന്റെ വികസനത്തിന് ബഹുജനാഭിപ്രായം സ്വരൂപിക്കേണ്ട ചില മാധ്യമങ്ങളും കള്ള പ്രചാരണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്..

എന്താണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്..സര്‍വ്വേ നടപടികള്‍ മാത്രമാണ്..അല്ലാതെ ഭൂമി കുറ്റിയടിച്ച് ഏകപക്ഷീയമായി ഏറ്റെടുക്കലല്ല. ഭൂമി ഏറ്റെടുക്കുന്നതിന് എത്രയോ നടപടിക്രമങ്ങള്‍ ഇനിയും പാലിക്കണം. സാമൂഹ്യാഘാത പഠനങ്ങളും ഭൂമിയുടെ വിലനിര്‍ണ്ണയവും ഉള്‍പ്പെടെ എത്രയോ ഘട്ടങ്ങള്‍.. എന്നാല്‍ സര്‍വ്വേ പോലും നടത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നുള്ള കോലീബി സഖ്യത്തിന്റെയും തീവ്രവാദ ശക്തികളുടെയും തിമ്മിര്‍ട്ടിനെ ജനാധിപത്യ യുഗത്തിലെ മാധ്യമങ്ങള്‍ എങ്ങിനെയാണ് കാണുന്നത്..പിണറായി വിരോധവും ഇടത് വിരുദ്ധതയും മകാര മാധ്യമങ്ങളുടെ സമനില തെറ്റിച്ചിരിക്കുന്നു.

എനിക്ക് ഓര്‍മ്മ വരുന്നത് ദേശീയപാത 66ന്റെ സ്ഥലമെടുപ്പ് ഘട്ടമാണ്. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ എന്തൊരു പുകിലായിരുന്നു. ഞാന്‍ ഗുരുവായൂര്‍ എംഎല്‍എ ആയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എന്റെ വസതിയിലേക്ക് മൂന്നു തവണയാണ് മാര്‍ച്ചു നടന്നത്..പച്ചതെറികള്‍ പോലും പലരും പരസ്യമായി എനിക്കെതിരെ വിളിച്ചു പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ ഞാന്‍ കൂട്ടു നില്‍ക്കുന്നു എന്നായിരുന്നു ''ആക്ഷന്‍ കൗണ്‍സിലിന്റെ ' ആരോപണം.. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചാവക്കാട് ടൗണില്‍ മുസ്ലിം ലീഗ് സമ്മേളനം നടത്തി..

പ്രതിഫലം കൊടുക്കുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനം പൊയ് വെടിയാണെന്ന് ഇവര്‍ സംഘടിതമായി പ്രചരിപ്പിച്ചു. അതിനുള്ള പണം കെട്ടി വച്ചില്ലെന്നും പറഞ്ഞ് പ്രകോപനം തുടര്‍ന്നു. എന്നാല്‍ എന്താണ് ഇന്നത്തെ അനുഭവം എന്നറിയണോ? വന്‍ പ്രതിഫലമാണ് ഓരോ ഭൂവുടമയ്ക്കും ലഭിച്ചത്. പഴയ വീടുകള്‍ക്ക് പോലും സ്‌ക്വയര്‍ഫീറ്റിന് നാലായിരം രൂപവച്ച് നഷ്ടപരിഹാരം.. ചരിത്രത്തില്‍ ഒരു സര്‍ക്കാരും നല്‍കാത്ത ഭൂനഷ്ടപരിഹാരം ഈ സര്‍ക്കാര്‍ നല്‍കി.. എവിടെ ആക്ഷന്‍ കൗണ്‍സില്‍.? എവിടെ ഐക്യദാര്‍ഡ്യക്കാര്‍ ? ഇന്ന് തങ്ങളുടെ ഭൂമി ഏറ്റെടുക്കാത്തതിലാണ് പലരുടെയും കുണ്ഠിതം..

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ കുടില്‍ കെട്ടി സമരം ചെയ്ത കൂട്ടരുണ്ടായിരുന്നു.. സമരക്കാരിലൊരാള്‍ ഈയിടെ പറഞ്ഞത്..''തന്റെ കുറച്ചു ഭൂമി കൂടി അപ്പുറത്തുണ്ട്.. അതുകൂടി ഒന്നെടുത്തെങ്കില്‍ '' എന്നാണ്..ഇതാണനുഭവം..അതുകൊണ്ട് കെറെയില്‍ വിരുദ്ധ കുരിശു യുദ്ധക്കാരോടും അവരുടെ പെട്ടിപ്പാട്ടുകാരോടും പറയാനുള്ളത് ഈ നാടകം കൊണ്ട് നാടിന് പ്രയോജനമില്ല..സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പദ്ധതി തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നു തന്നെയാണ്..ദേശീയപാത ഗെയില്‍ വിരുദ്ധ സമരങ്ങളുടെ ഗതി തന്നെയാകും ഇപ്പോഴത്തെ നിഴല്‍നാടകങ്ങള്‍ക്കും.

Next Story