നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന് മാര്‍ച്ച്; ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് കെയുഡബ്ല്യുജെ
ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയ്ക്ക് എടുക്കാന്‍ പാടില്ലാത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് കെയുഡബ്ല്യൂജെ
7 Nov 2022 5:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൈരളിയേയും മീഡിയവണ്ണിനെയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ രാജ്ഭവന് മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നരക്കാണ് പത്രപ്രവര്‍ത്തക യൂണിയന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയ്ക്ക് എടുക്കാന്‍ പാടില്ലാത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് കെയുഡബ്ല്യൂജെ പ്രസിഡന്റ് എം വി വിനീത പറഞ്ഞു.
മാധ്യമങ്ങളോടുള്ള ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച്. കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലുമുള്ള പ്രതിനിധികളോട് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും. വാര്‍ത്താസമ്മേളനം ബഹിഷ്കരിക്കുക എന്നത് പ്രയോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗവര്‍ണറുടെ സമീപനത്തില്‍ കെയുഡബ്ല്യുജെയുടെ പ്രതിഷേധം ഇന്ന് തന്നെ രേഖാമൂലം അറിയിക്കുമെന്നും എം വി വിനീത പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.
കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന് നടത്തുകയാണെന്നും കേഡര്‍ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചു.
Story highlights: KUWJ will conduct Rajbhavan March on Tommorow