Top

'പൊലീസ് ശ്രീറാമിന് സുഖവാസമൊരുക്കി, സര്‍ക്കാര്‍ കാഴ്ച്ചക്കാരായി'; അരങ്ങേറിയത് അപഹാസ്യമായ വെളുപ്പിക്കല്‍ നാടകമെന്ന് കെയുഡബ്ല്യുജെ

'മദ്യം പ്രധാന വരുമാന മാര്‍ഗമായ ഒരു നാട്ടില്‍ മദ്യപിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ മദ്യപിച്ചു വാഹനമോടിച്ചു ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നത് ഒരു കുറ്റം തന്നെയാണ്'

19 Oct 2022 11:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസ് ശ്രീറാമിന് സുഖവാസമൊരുക്കി, സര്‍ക്കാര്‍ കാഴ്ച്ചക്കാരായി; അരങ്ങേറിയത് അപഹാസ്യമായ വെളുപ്പിക്കല്‍ നാടകമെന്ന് കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത എം വി. പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ കുറ്റം ഇല്ലാതാക്കുക എന്നതിനായിരുന്നു പ്രധാന പരിഗണനയെന്ന് വിനീത കുറ്റപ്പെടുത്തി. കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെതിരേയും വഫയ്‌ക്കെതിരേയുമുള്ള മനഃപൂര്‍വ്വമുള്ള നരഹത്യാ കുറ്റം തിരുവനന്തപുരം അഡീഷണല്‍ കോടതി ഒഴിവാക്കിയിരുന്നു.

'മദ്യം പ്രധാന വരുമാന മാര്‍ഗമായ ഒരു നാട്ടില്‍ മദ്യപിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ മദ്യപിച്ചു വാഹനമോടിച്ചു ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നത് ഒരു കുറ്റം തന്നെയാണ്. ആ കുറ്റം അധികാരം ഉപയോഗിച്ച് തേച്ചുമാച്ചു കളയേണ്ടുന്നതുമല്ല', വിനീത എം വി പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് സുഖവാസമൊരുക്കിയ പോലീസും അതിനു കാഴ്ചക്കാരായി നിന്ന സര്‍ക്കാരും എന്ത് നീതിയാണ് ബഷീറിന് നല്‍കിയതെന്ന് വിനീത ചോദിച്ചു. രക്തപരിശോധന വൈകിപ്പിച്ചതിലൂടെ ശ്രീറാം മദ്യപിച്ചു എന്നതിന് തെളിവില്ലാതാക്കി. മദ്യപിച്ചു നേരെ നില്ക്കാന്‍ പോലും ശ്രീറാമിന് കഴിഞ്ഞിരുന്നില്ല എന്നതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നിടത്താണ് ഈ അപഹാസ്യമായ വെളുപ്പിക്കല്‍ നാടകം അരങ്ങേറിയത് എന്നോര്‍ക്കണമെന്നും വിനീത വിമര്‍ശിച്ചു.

സ്വന്തം കുറ്റം മറയ്ക്കാന്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്ത ഇതേ ഐ എ എസുകാരനെയാണ് സര്‍ക്കാര്‍ ഒരു ജില്ലയുടെ ഭരണാധികാരിയായി നിയമിക്കാന്‍ ധൈര്യപ്പെട്ടത് എന്നതും ഓര്‍ക്കണം.? നിയമങ്ങള്‍ ഉണ്ട് എന്നതും അത് വെള്ളം ചേരാതെ പാലിക്കേണ്ടതും സാധാരണക്കാര്‍ മാത്രമാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കപ്പെടുന്നതെന്നും വിനീത ചോദിച്ചു.

Story highlights: KUWJ Criticize Kerala Government on KM Basheer incident

Next Story