Top

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണം; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍

24 July 2022 2:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണം; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍
X

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നിയമനം പുന:പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ ഒന്നാം പ്രതിയായി സര്‍ക്കാര്‍ തന്നെ കുറ്റപത്രം നല്‍കിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമന്‍ . അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു . ഇപ്പോള്‍ ജനങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും കൂടുതല്‍ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.

കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓര്‍ക്കുന്ന സംഭവവുമാണ് . അത്തരം ഒരു കേസില്‍ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ . കളക്ടര്‍ എന്ന ഉന്നത പദവിയില്‍ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2019 ആഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കോടതി നടപടികള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ചത്. കെ എം ബഷീറിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നീതിപൂര്‍വ്വമായ നടപടിയുണ്ടാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

Next Story