ശ്വാസം മുട്ടിച്ച് കൊന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടേത് കൊലപാതകം
ജിയയെ മരിച്ച നിലയില്‍ കണ്ടതിന്റെ തലേദിവസം സെല്ലിലെ മറ്റൊരു അന്തേവാസിയുമായി അടി നടന്നിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു
11 Feb 2022 3:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ജിയ റാം ജിലോട്ടിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. വ്യാഴാഴ്ച്ച രാവിലെയാണ് ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഡോക്ടര്‍ പതിവ് പരിശോധനക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിയയെ മരിച്ച നിലയില്‍ കണ്ടതിന്റെ തലേദിവസം സെല്ലിലെ മറ്റൊരു അന്തേവാസിയുമായി അടി നടന്നിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ നിന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിനേയും കൊണ്ട് തലശേരിയില്‍ അലയുകയായിരുന്നു ജിയ. കുഞ്ഞിനെ അടിക്കുന്നത് കണ്ട് പൊലീസ് ഇടപെട്ടാണ് ജിയയെ മഹിളാ മന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയില്‍ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തില്‍ ഒരു കു!ഞ്ഞുണ്ടായ ശേഷം അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നല്കിയ മൊഴി. ഭര്‍ത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്. മഹിളാമന്ദിരത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.