'കുറുപ്പ്' പ്രദര്‍ശനം മുടങ്ങി, സംഘർഷം
കൊച്ചി കവിത തീയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്
15 Nov 2021 2:44 PM GMT
ഫിൽമി റിപ്പോർട്ടർ

ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി. കൊച്ചി കവിത തീയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്. പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമെന്നാണ് തീയേറ്റര്‍ ഉടമയുടെ വിശദീകരണം. എന്നാല്‍ അത് വിശ്വസിക്കില്ലെന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചത്.
ടിക്കറ്റ് പണം തിരികെ നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അവര്‍ക്കെതിരെ പൊലീസ് ഇടപെട്ടതോടെ തീയേറ്ററിന് മുമ്പില്‍ വന്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.
നവംബര്‍ 12നാണ് ദുല്‍ഖര്‍ സല്മാന് ചിത്രം 'കുറുപ്പ്' തീയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 550 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് വൈഡായി 1500 തീയേറ്ററുകളിലും പ്രദര്‍ശനം തുടരുകയാണ്. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്. ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലേക്ക് കടക്കുകയാണ് എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സിനിമ റിലീസ് ചെയ്ത ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
- TAGS:
- Kurupp Movie