Top

'കടുവ വീണ്ടും കാടിറങ്ങി'; കാല്‍പ്പാടുകള്‍, ആശങ്കയില്‍ കുറുക്കന്‍മൂല

തുടര്‍ച്ചയായ 22 -ാം ദിവസവും കടുവയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

21 Dec 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുവ വീണ്ടും കാടിറങ്ങി; കാല്‍പ്പാടുകള്‍, ആശങ്കയില്‍ കുറുക്കന്‍മൂല
X

കുറുക്കന്‍മൂലയിലെ കടുവ വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. കുറുക്കന്‍മൂലയോട് ചേര്‍ന്നുള്ള മുട്ടന്‍കരയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെ ആശങ്കയിലാണ് നാട്ടുകരും ഉദ്യോഗസ്ഥരും. അതേസമയം മേഖലയില്‍ തുടര്‍ച്ചയായ 22 -ാം ദിവസവും കടുവയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മുട്ടങ്കര മുണ്ടിയാപറമ്പില്‍ ബാബുവിന്റെ വീട്ടിനോടു ചേര്‍ന്ന വയലിലാണ് ഇന്ന് രാവിലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കാടിനുള്ളിലേക്ക് കടന്ന കടുവ വീണ്ടും ജനവാസ മേഖലയിലിറങ്ങിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍. കടുവയ്ക്കായി തിരച്ചില്‍ നടത്തുന്ന വനപാലകരോടൊപ്പം മയക്കു വെടി വെക്കാനുള്ള മൂന്ന് സംഘങ്ങളുമുണ്ട്.

കുറുക്കന്‍മൂലയിലെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിലുകള്‍ പുരോഗമിക്കുന്നത്. വനത്തിലുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുതുമലയില്‍ നിന്നും പ്രത്യേക സംഘം കുറുക്കന്മൂലയിലെത്തിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ 8 വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം കടുവയുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കടുവയുടെ കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണോ എന്നതിലടക്കം വിവരങ്ങള്‍ ലഭ്യമാകണം. കാട്ടിലേക്ക് പോയ കടുവ തീറ്റതേടിയായിരിക്കാം നാട്ടിലേക്ക് മടങ്ങിവന്നതെന്നും തീറ്റ തേടുന്നതിനടക്കം പ്രയാസം നേരിടുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

Next Story