Top

'വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറത്ത് സ്മാരകമുണ്ട്'; ദുർവ്യാഖ്യാനിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി

ജാതിയും മതവും നോക്കാതെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ സമരങ്ങള്‍ നടന്നിട്ടുണ്ട്

1 Sep 2022 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറത്ത് സ്മാരകമുണ്ട്; ദുർവ്യാഖ്യാനിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതിൽ പാണക്കാട് തങ്ങളെ വെല്ലുവിളിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ബ്രിട്ടീഷ് ഭരണക്കാലത്ത് സാധാരണ ജനങ്ങൾക്ക് നേരെ ഉണ്ടായിട്ടുളള കൊടുംക്രൂരതകളെ അം​ഗീകരിക്കാൻ പറ്റില്ല. ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ ഉണ്ടായിട്ടുളള സമരങ്ങളെ അതേ പോലെ കാണുകയാണ് വേണ്ടത് അല്ലാത്ത രീതിയിൽ കാണുന്നത് ശരിയല്ല എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്രിട്ടീഷുകാരും അന്നത്തെ സ്വാതന്ത്ര്യ സമര സേനാനികളും നടത്തിയ പോരാട്ടമല്ലെ അത്. വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരെ വാഗണിലിട്ട് കൊന്നത് നല്ലതാണെന്ന് ഈ ആധുനിക കാലത്ത് ആരെങ്കിലും പറയുമോ. വാഗണിലിട്ട് കൊണ്ടുപോയത് ആരാണ് ബ്രിട്ടീഷുകാരല്ലെ. ബ്രിട്ടീഷുകാർ ചെയ്ത കൊടും ക്രൂരതയല്ലെ അത്. പൂക്കോട്ടൂര് മറഞ്ഞിരുന്ന് അന്നത്തെ നിരായുധരായ ജനങ്ങള്‍ പോരാടിയത് ബ്രിട്ടീഷു പട്ടാളവുമായിട്ടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പോരാടിയത് ആര്‍ക്കെതിരെയാണ്. അദ്ദേഹത്തിന്റെ പേരില്‍ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകമുണ്ടാക്കിയിട്ടുണ്ട്. ഈ സമരങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ്. അതിനെ ദുര്‍വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതകളെ എങ്ങനെ നമ്മുക്ക് അംഗീകരിക്കാന്‍ സാധിക്കും. പരസ്പരം കടിച്ചുകീറിയും വെളളമോ, ഒന്ന് ശ്വസിക്കാനൊ സാധിക്കാതെ മരിച്ചവരെ മോശമാക്കി പറയാന്‍ പറ്റൊ. ജാതിയും മതവും നോക്കാതെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ സമരങ്ങള്‍ നടന്നിട്ടുണ്ട്. ആ സമരങ്ങളെ അതേ പോലെ കാണുക എന്നതാണ് വേണ്ടത്. അല്ലാത്ത രീതിയില്‍ കാണുന്നത് ശരിയല്ല എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആ​ഗസ്റ്റ് 31ന് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ശശികലയുടെ വിവാദ പരാമർശം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തും. അവിടുത്തെ ചെറിയ ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്താനാണോ നിങ്ങളുടെ ശ്രമമെന്നും ശശികല പ്രസം​ഗത്തിൽ പറഞ്ഞു.

1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നും ശശികല ആവശ്യപ്പെട്ടു. സ്മാരകം 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലൂടെ പണിതുയര്‍ത്തുന്നതോടെ എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ കീഴില്‍ അടിമകളാണോ എന്ന സന്ദേശമാണോ പകര്‍ന്നുകൊടുക്കുന്നത്. എന്തിനു വേണ്ടിയും അഭിപ്രായം പറയാത്ത മതനേതൃത്വം മിണ്ടാത്തത് എന്തേ?. അവിടുത്തെ ഹൈന്ദവസമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായും സമാധാനത്തിന്റെ മാലാഖയായും മലപ്പുറത്ത് മാത്രമല്ല, ഇന്ത്യ മുഴുവന്‍ പാടിപ്പുകഴ്ത്തപ്പെടുന്ന പാണക്കാട് തങ്ങള്‍ മൗനം വെടിഞ്ഞ് മറുപടി പറയണമെന്നും ശശികല ആവശ്യപ്പെട്ടു.

അവിടുത്തെ ഹിന്ദുക്കളെ ഇനിയും കുത്തിനോവിക്കണോ, അതിന്റെ അനന്തര ഫലമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. എല്ലാം മറന്ന് ജീവിക്കുന്ന ഒരു ജനതയെ വെല്ലുവിളിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ഇവിടെ സ്മാരകം ഉയര്‍ത്തിയാല്‍ അത് പിഴുതെറിയാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവ ശക്തിയും മലപ്പുറത്തേക്ക് എത്തുമെന്നും ശശികല പ്രസം​ഗത്തിലൂട ഭീഷണി മുഴക്കി.

STORY HIGHLIGHTS:

Next Story