മനാട്ടിപ്പറമ്പുകാരുടെ സ്വന്തം ഗിരിജയുടെ വിവാഹം; കല്യാണം വിളിച്ചും സദ്യ വിളമ്പിയും ലീഗ് പ്രവര്‍ത്തകര്‍, ആശീര്‍വദിച്ച് കുഞ്ഞാലിക്കുട്ടിയും അബ്ബാസലി തങ്ങളും
മലപ്പുറം ജില്ലാ മുസ്ലീംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ചടങ്ങില്‍ പങ്കെടുത്തു
11 Sep 2022 1:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: വേങ്ങര മനാട്ടിപ്പറമ്പുകാരുടെ സ്വന്തം ഗിരിജയുടെ വിവാഹത്തില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. വേങ്ങര ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിനാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. മലപ്പുറം ജില്ലാ മുസ്ലീംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട് സ്വദേശിനി ഗിരിജയുടെയും എടയൂര്‍ സ്വദേശി ബാലന്റെ മകന് രാകേഷിന്റെയും വിവാഹത്തില്‍ പങ്കെടുക്കാനാണ് വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ എത്തിയത്. കല്യാണ വിളി മുതല്‍ സദ്യ വിളമ്പിയത് വരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. എല്ലാത്തിനും ക്ഷേത്രഭാരവാഹികളും പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ജീവിതത്തിലെ എറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായെന്ന് കുഞ്ഞാലികുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം വിവാഹത്തില്‍ പങ്കെടുത്ത വിഡിയോയും അദ്ദേഹം പങ്കുവച്ചു.
കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.
വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വച്ച് എടയൂരിലെ ബാലന്റെ മകന് രാകേഷ് മിന്നു ചാര്‍ത്തി.
വളരെ ചെറുപ്പത്തില്‍ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജയ്ക്ക് പിന്നെ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവര്‍ ആഘോഷപൂര്‍വം കൊണ്ടാടുന്ന കാഴ്ചയ്ക്ക് ക്ഷേത്ര സന്നിധിയില്‍ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.
കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്നുനിന്ന് ക്ഷേത്ര ഭാരവാഹികള്‍. സ്നേഹവും പിന്തുണയുമായി ഒരു നാട് മുഴുവന്‍ കൂടിയപ്പോള്‍ കല്യാണം ഗംഭീരമായി.
എന്റെ നാടിന്റെ നന്മ മുഴുവന്‍ തെളിഞ്ഞു കണ്ട സുന്ദര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്. സ്നേഹത്തോടെ രാകേഷ്-ഗിരിജ ദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരോടൊപ്പം അഭിമാനത്തോടെ ചേര്‍ന്ന് നില്ക്കുന്നു.
Story Highlight: Kunhalikutty shares happiness attending hindu wedding