'കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ഇടപെട്ടിട്ടില്ല'; തരൂരിന്റെ സന്ദര്‍ശനങ്ങള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടും ലീഗ് ഒരിക്കലും മിണ്ടിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
12 Jan 2023 7:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ശശി തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
'കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം അവരുടെ ആഭ്യന്തര കാര്യമാണ്. ലീഗ് ഇക്കാര്യത്തില്‍ ഇടപെടാറില്ല. രാഷ്ട്രീയപ്രാധാന്യം തരൂരിന്റെ സന്ദര്‍ശനത്തിന് കൊടുക്കുന്നില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കാര്യത്തില്‍ ലീഗ് ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടും ലീഗ് ഒരിക്കലും മിണ്ടിയിട്ടില്ല', കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു. ഒരു സമുദായ നേതാവിനെയും താന്‍ അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ലെന്നും കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും തരൂര്‍ പറഞ്ഞു.
സമുദായ നേതാക്കളെ മാത്രമല്ല താന്‍ മറ്റ് നിരവധി ആളുകളെ കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും വാര്‍ത്തയാകാറില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. നേരത്തെയും നേതാക്കളെ കാണാറുള്ളതാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം മറ്റൊരു രീതിയിലാണ് തന്നെ കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Kunhalikkutty About Shashi Tharoor Visits