Top

പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്; 'കേസ് കൊട്' ചര്‍ച്ചകളില്‍ കുഞ്ചാക്കോ ബോബന്‍

റോഡിന്റെ ശോചനീയ അവസ്ഥ, തെരുവ് നായ ശല്യം, അഴിമതി തുടങ്ങിയ കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്നും കുഞ്ചാക്കോ ബോബന്‍

11 Aug 2022 10:36 AM GMT
ഫിൽമി റിപ്പോർട്ടർ

പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്; കേസ് കൊട് ചര്‍ച്ചകളില്‍ കുഞ്ചാക്കോ ബോബന്‍
X

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്ത സിനിമ മാറി വരുന്ന സര്‍ക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതാണെന്ന് പറയുന്നതില്‍ അതിശയോക്തിയുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സാധാരണക്കാരന്റെ നിലപാടില്‍ നിന്നും സിനിമ സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളുകള്‍ ചേരി തിരിയുകയാണെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് എതിരെ തിരിയുന്നുവെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

റോഡിന്റെ ശോചനീയ അവസ്ഥ, തെരുവ് നായ ശല്യം, അഴിമതി തുടങ്ങിയ കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്നും കേരളമുണ്ടാകുന്നതിന് മുന്‍പ് തന്നെ ഉള്ള പ്രശ്ങ്ങളാണിതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമ കാണാത്തവരാണ് സിനിമയ്ക്ക് എതിരെ സംസാരിക്കുന്നതെന്നും സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് നോക്കുന്നതതെങ്കില്‍ സിനിമയുടെ ആക്ഷേപ ഹാസ്യത്തിന്റെ സത്ത അറിയുന്നവരാണ് 99 ശതമാനം ആള്‍ക്കാരുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

റോഡുകളുടെ ശോചനീയമായ അവസ്ഥകൊണ്ടുള്ള ഒരു സംഭവത്തിന് അടിസ്ഥാനത്തിലുള്ള രാജീവന്‍ എന്ന സാധാരണക്കാരന്റെ ജീവിതമാണ് സിനിമ. അത് ഏത് തരത്തില്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സിനിമ പറഞ്ഞുപോകുന്നത്. മലയാളികള്‍ എന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിഷങ്ങളുണ്ട്. റോഡിന്റെ ശോചനീയ അവസ്ഥ, തെരുവ് നായ ശല്യം, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ ബോധപൂര്‍വ്വമല്ലാതെയും സിനിമയ്ക്ക് ആവശ്യമായതെല്ലാം പറഞ്ഞുപോകുന്നുണ്ട്. സിനിമയുടെ മൂല കഥ എന്നു പറയുന്ന വേറൊരു സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ള റോഡ് അപകടവുമായി ബന്ധപ്പെട്ടാണ്.

സിനിമയുടെ കഥ ആലോചിച്ചത് കൊറോണയ്ക്ക് മുന്‍പാണ്. നാല് വര്‍ഷം മുന്‍പ് പ്ലാന്‍ ചെയ്ത് മാറി മാറി വരുന്ന ഏതെങ്കിലും ഒരു സര്‍ക്കാരിനെ ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ അന്നേ സിനിമ പ്ലാന്‍ ചെയ്തത് എന്നു പറയുന്നതില്‍ അതിശയോക്തിയാണുള്ളത്. കേരളമുണ്ടാകുന്നതിന് മുന്‍പ് തന്നെ ഉള്ള പ്രശ്‌നമാണിത്. സര്‍ക്കാര്‍ മാറി വന്നാലും ഈ അവസ്ഥ തുടരുന്ന സാധാരണക്കാരന്റെ ഒരു അഭിപ്രായമെന്ന നിലയില്‍ ഇതിനെ കണക്കാക്കണം. സിനിമ എന്ന മാധ്യമത്തിലൂടെ ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ സാധാരണക്കാരന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടി ആളുകള്‍ ചേരി തിരിയുകയാണെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് എതിരെ തിരിയുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം ജനങ്ങളുടെ പക്ഷത്ത് നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പോസ്റ്ററിന്റെ വാക്യം കണ്ടപ്പോള്‍ ആദ്യം ചിരിക്കുകയാണ് ചെയ്തത്. കാരണം ഈ സിനിമയില്‍ എത്രത്തോളം ആക്ഷേപഹാസ്യം ഉണ്ടെന്ന് അറിയുന്ന വ്യക്തിയാണ് ഞാന്‍. സിനിമ കാണുന്നവരുടെ അഭിപ്രായങ്ങളാണ് കണക്കിലെടുക്കുന്നത്. പകരം സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് നോക്കുന്നതതെങ്കില്‍ സിനിമയുടെ ആക്ഷേപ ഹാസ്യത്തിന്റെ സത്ത അറിയുന്നവരാണ് 99 ശതമാനം ആള്‍ക്കാരും.

Story Highlights; Kunchacko Boban reacts on Nna Thaan Case Kodu movie controversy

Next Story