മന്ത്രി വാസവനുമായി കൂടിക്കാഴ്ച നടത്തി കുഞ്ചാക്കോ ബോബന്; 'സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പങ്കിട്ടു'
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെയും കുഞ്ചാക്കോ ബോബന് സന്ദര്‍ശിച്ചു.
30 Aug 2022 9:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മന്ത്രി വിഎന്‍ വാസവനുമായി കൂടിക്കാഴ്ച നടത്തി നടന് കുഞ്ചാക്കോ ബോബന്. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയ്ക്കൊപ്പമാണ് നിയമസഭാ ചേമ്പറില്‍ എത്തി കുഞ്ചാക്കോ ബോബന് മന്ത്രിയെ കണ്ടത്. കൊവിഡിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായതില്‍ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകുന്ന നല്ല ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.
മന്ത്രി വാസവന്റെ വാക്കുകള്‍: ''നടന് കുഞ്ചാക്കോ ബോബനും ചലച്ചിത്ര നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും നിയമസഭാ ചേമ്പറില്‍ എത്തി. സന്തോഷ് കോട്ടയം സ്വദേശിയാണ്. അദ്ദേഹവുമായി ദീര്‍ഘനാളത്തെ അടുപ്പമുണ്ട്. സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി കുറച്ചുനേരം അവരോടൊപ്പം ചിലവിട്ടു. കോവിഡിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായതില്‍ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകുന്ന നല്ല ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകള്‍ നേര്‍ന്നാണ് പിരിഞ്ഞത്.''
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെയും കുഞ്ചാക്കോ ബോബന് സന്ദര്‍ശിച്ചു.
എം വി ഗോവിന്ദനും ഭാര്യ പി കെ ശ്യാമളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിളയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
'സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന് മാഷിനും പത്നി ശ്രീമതി പി കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം. ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്ന സ്ഥാനാരോഹണമാണിത്. കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടന് കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു.'- ചിത്രങ്ങള്‍ക്കൊപ്പം സന്തോഷ് ടി കുരുവിള കുറിച്ചു.