കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ ബബിയ മുതല ഓര്‍മ്മയായി; 75 വയസ്, സസ്യാഹാരി
10 Oct 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസർഗോഡ്: കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഓര്‍മ്മയായി. ഇന്നലെ രാത്രിയാണ് മുതല ചത്തത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നു.ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
തടാകത്തില്‍ നിന്ന് മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഇത്തരത്തില്‍ ക്ഷേത്രനടയിലെത്തിയ ബബിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നേടിയിരുന്നു. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന് വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. ക്ഷേത്രക്കുളത്തില്‍ മുതല എത്തിയതും ബബിയ എന്ന് പേര് നല്‍കിയത് ആരാണെന്നും ആര്‍ക്കും അറിയില്ല. ബബിയ നിരുപദ്രവകാരിയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2019ല്‍ ബബിയ ജീവനോടെ ഇല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.