Top

കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് ഓഫീസിലെ കെവി തോമസിന്റെ ചിത്രത്തിന് തീയിട്ടു; ഗോ ബാക്ക് മുദ്രാവാക്യം വിളികളും

12 May 2022 5:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് ഓഫീസിലെ കെവി തോമസിന്റെ ചിത്രത്തിന് തീയിട്ടു; ഗോ ബാക്ക് മുദ്രാവാക്യം വിളികളും
X

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് ഓഫീസിലെ കെവി തോമസിന്റെ ചിത്രത്തിന് തീയിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചിത്രം ഓഫീസിന് പുറത്തേക്ക് എടുത്ത് റോഡിലിട്ടാണ് തീയിട്ടത്.

'തിരുത തോമസ് ഗോ ബാക്ക്' മുദ്രാവാക്യവും കെവി തോമസിന്റെ ജന്മനാടായ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎ സഗീര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എഐസിസി അനുമതിയോടെയാണ് കെവി തോമസിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനം. പുറത്താക്കുന്നതില്‍ ഇനി കാത്തിരിക്കാനാവില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കെപിസിസി തീരുമാനം. അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു.

ഇതിന് ശേഷവും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തോമസ് തുടര്‍ന്നിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

Story Highlights: kumbalangi congress workers fired kv thomas photo

Next Story