Top

കെടിയു വിസി നിയമനം; സര്‍ക്കാര്‍ ഹര്‍ജി തള്ളി, സിസാ തോമസിന് തുടരാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി അത്യപൂര്‍വ്വ നീക്കത്തിലൂടെയാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടി.

29 Nov 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെടിയു വിസി നിയമനം; സര്‍ക്കാര്‍ ഹര്‍ജി തള്ളി, സിസാ തോമസിന് തുടരാം
X

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണം. വിദ്യാര്‍ത്ഥികളുടെ ഭാവി തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിസാ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. എത്രയും വേഗം പുതിയ വിസിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കണം. സെലക്ഷന്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കണം. മൂന്ന് മാസത്തിനുള്ളില്‍ പുതിയ വിസിയെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി അത്യപൂര്‍വ്വ നീക്കത്തിലൂടെയാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടി.

'ചാന്‍സലര്‍ യുജിസി നിയമങ്ങള്‍ പാലിച്ച് നിയമപരമായി പ്രവര്‍ത്തിക്കണം. ചാന്‍സലറുടെ ഉത്തരവുകള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അല്ല,' എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്. നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

യുജിസി മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം ഡോ. രാജശ്രീയെ വിസി സ്ഥാനത്ത് നിന്ന് നീക്കിയാണ് ഡോ സിസാ തോമസിനെ വിസിയാക്കിയത്. നവംബര്‍ നാലിനായിരുന്നു സിസാ തോമസ് താത്ക്കാലിക വിസിയായി ചുമതലയേറ്റത്. എന്നാല്‍ താത്ക്കാലിക വിസിയോട് സര്‍വകലാശാല പ്രാെ വൈസ് ചാന്‍സലറും, രജിസ്ട്രാറുമടങ്ങുന്ന ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ നിസ്സഹകരണത്തിലാണ്. ഡോ സിസാ തോമസിന് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കൈമാറുന്നില്ലെന്ന ആരോപണമുണ്ട്. സര്‍വകലാശാലയിലെ പ്രതിഷേധം ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Story Highlights: ktu VC Appointment High Court rejected the government's petition

Next Story