Top

'അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം, പ്രതിരോധിക്കുന്നത് വലിയ കുറ്റം'; കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യമെന്ന് കെ ടി ജലീല്‍

'ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്'

21 July 2022 6:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം, പ്രതിരോധിക്കുന്നത് വലിയ കുറ്റം; കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യമെന്ന് കെ ടി ജലീല്‍
X

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ പരിഹസിക്കുന്നു. അടിക്കുന്നത് ജനാധിപത്യാവകാശവും അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധവുമാണെന്നും, കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റവുമാണെന്ന് കെ ടി ജലീല്‍ വിമര്‍ശിക്കുന്നു.

'കേരളത്തില്‍ 'ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം' വിപുലീകരിക്കപ്പെട്ടു. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്. അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം! അടിക്കുന്നത് ജനാധിപത്യാവകാശം. കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റം. കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ. കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക', കെ ടി ജലീല്‍ പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍കെ നവീന്‍കുമാര്‍ എന്നിവര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഇപി ജയരാജനെതിരെ കേസെടുത്തത്. വിമാനത്തില്‍ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു.

Story Highlights: KT Jaleel's Facebook Post On EP Jayarajan's Arrest

Next Story