'അര്‍ത്ഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രം'; 'ആസാദ് കാശ്മീര്‍' ഇന്‍വര്‍ട്ടഡ് കോമയിലായിരുന്നുവെന്ന് ജലീല്‍
13 Aug 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: 'ആസാദ് കാശ്മീര്‍' വിവാദത്തില്‍ വിശദീകരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ആസാദ് കാശ്മീര്‍ എന്ന് എഴുതിയതെന്നും, അതിന്റെ അര്‍ത്ഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റിനൊടുവിലാണ് തന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചുള്ള ജലീലിന്റെ വിശദീകരണം.
കാശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പില്‍ പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്നും ഇന്ത്യയോട് ചേര്‍ന്ന ഭാഗത്തെ ഇന്ത്യന്‍ അധീന കാശ്മീരെന്നും വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. പാകിസ്താന് ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ജലീലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജലീലിന്റെ മുന്‍ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം.
കെടി ജലീലിന്റേത് രാജ്യദ്രോഹ നിലപാടാണെന്നും, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊലീസ് കേസെടുത്തില്ലെങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Story Highlights: KT Jaleel's Clarification On His Statement