Top

'മൗനം കൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കരുത്'; ലോകായുക്ത ജ.സിറിയക് ജോസഫിനെ വിടാതെ കെടി ജലീൽ

വിഷയത്തിൽ മൗനം കൊണ്ട് ഓട്ടയടക്കാൻ സിറിയക് ജോസഫ് ശ്രമിക്കുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനമുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.

22 Feb 2022 8:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൗനം കൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കരുത്; ലോകായുക്ത ജ.സിറിയക് ജോസഫിനെ വിടാതെ കെടി ജലീൽ
X

ലോകായുക്തയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെടി ജലീൽ എംഎൽഎ. അഭയാ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടുവെന്നാണ് പുതിയ ആരോപണം. സിറിയക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവെക്കണം. തെറ്റായ പ്രചരണമാണ് നടത്തുന്നതെങ്കിൽ തനിക്കെതിരേയും ജോമോൻ പുത്തൻപുരയ്ക്കലിനെതിരേയും നടപടി എടുക്കട്ടെ എന്നും ജലീൽ പറഞ്ഞു. വിഷയത്തിൽ മൗനം കൊണ്ട് ഓട്ടയടക്കാൻ സിറിയക് ജോസഫ് ശ്രമിക്കുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനമുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.

അഭയ കേസിൽ പ്രതികളുടെ നാർകോ പരിശോധന നടത്തിയ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചുവെന്ന് ലാബ് അസിസ്റ്റന്റ് മൊഴി ഉണ്ട്. ലോകായുക്ത എന്തിനാണ് ഈ ലാബ് സന്ദർശിച്ചത്?. സിറിയക് ജോസഫ് ലാബ് സന്ദർശിച്ചുവെന്ന് ലാബ് ജീവനക്കാരി സിബിഐക്ക് മൊഴി നൽകിയി‍ട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സിബിഐ അറസ്റ്റു ചെയ്തതിൻ്റെ 6 മാസം മുമ്പാണ് നാർകോ പരിശോധന നടത്തിയതിൻ്റെ വീഡിയോ കാണാൻ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബിൽ എത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ് അഭയാ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ അടുത്ത ബന്ധുവാണെന്നും ജലീൽ ആരോപിച്ചു.

തന്റെ അടുത്ത ബന്ധുവിനെ കേസിൽ നിന്ന് രക്ഷിക്കാൻ ന്യായധിപ സ്ഥാനം സിറിയക് ജോസഫ് ഉപയോ​ഗിച്ചു. ഇതിനെതിരെ രാഷ്ട്രപതിക്കും, പ്രധാന മന്ത്രിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, കേന്ദ്ര നിയമ മന്ത്രിക്കും വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ പരാതി നൽകിയിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു. നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്നും ജലീൽ കൂട്ടിച്ചേർത്തു.

ലോകായുക്ത മൗനം കൊണ്ട് ഓട്ടയടക്കാമെന്നാണ് കരുതുന്നതുന്നത്. താൻ ആര്‍ക്കെതിരേയും ആരോപണം ഉന്നയിക്കുകയല്ല വ്യക്തിയെന്ന നിലയിൽ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ജലീല്‍ പറഞ്ഞു. ആരോപണങ്ങളിൽ സിപിഐഎം പിന്തുണയ്ക്കാത്തത് താൻ സ്വതന്ത്ര എംഎൽഎ ആയതിനലാണെന്നും ജലീൽ വ്യക്തമാക്കി.



STORY HIGHLIGHTS: Do Not Try to Cover the Hole with Silence; KT Jaleel not Leaving Lokayukta J. Cyriac Joseph


Next Story