Top

'വീണിടത്ത് കിടന്നുരുളാതെ കെ സുധാകരന്‍ മാപ്പ് പറയണം'; പദവികളോട് ബഹുമാനം വേണമെന്ന് കെ ടി ജലീല്‍

തെരഞ്ഞെടുപ്പായതുകൊണ്ട് സുധാകരനെ സ്വാധീനിച്ച് ഞങ്ങള്‍ അങ്ങനെ പറയിപ്പിച്ചത് അല്ലല്ലോ.

19 May 2022 7:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണിടത്ത് കിടന്നുരുളാതെ കെ സുധാകരന്‍ മാപ്പ് പറയണം; പദവികളോട് ബഹുമാനം വേണമെന്ന് കെ ടി ജലീല്‍
X

തൃക്കാക്കര: മുഖ്യമന്ത്രിക്കെതിരേയുളള പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മാപ്പ് പറയണമെന്ന് കെ ടി ജലീൽ എംഎൽഎ. വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറയണം. മുഖ്യമന്ത്രിയായാലും, പ്രധാനമന്ത്രിയാണെങ്കിലും ആ പദവികളോട് ബഹുമാനം കാണിക്കണം. ആ ബഹുമാനം കെപിസിസി പ്രസിഡന്റിന് ഇല്ലാതെ പോയി. പറഞ്ഞത് തെറ്റായി പോയെങ്കിൽ കെ സുധാകരൻ നിരുപാധികം മാപ്പ് പറയണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു കോ സുധാകരന്റെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചിരുന്നു.

കെ ടി ജലീല്‍ പറഞ്ഞത്,

പൊതുവെ കേരളത്തിന്റെ മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നതൊക്കെ ബഹുമാന്യമായ ഒരു പദവിയാണ്. അവിടെ ആര് ഇരിക്കുന്നു എന്നതല്ല. കോണ്‍ഗ്രസുകാരനോ ഇടതുപക്ഷ പ്രതിനിധിയോ മറ്റാരെങ്കിലുമോ ആകാം. ആ ഉന്നത സ്ഥാനങ്ങളോട് നമുക്ക് എപ്പോഴും ഒരു ബഹുമാനം വേണം. ആ ബഹുമാനം കെപിസിസി അദ്ധ്യക്ഷന് ഇല്ലാതെ പോയി എന്നതാണ് പ്രശ്‌നം. അങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞതാണോ? തെരഞ്ഞെടുപ്പായതുകൊണ്ട് സുധാകരനെ സ്വാധീനിച്ച് ഞങ്ങള്‍ അങ്ങനെ പറയിപ്പിച്ചത് അല്ലല്ലോ. പറഞ്ഞത് തെറ്റായി അദ്ദേഹത്തിന് തോന്നുന്നെങ്കില്‍ അത് നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയുകയാണ് വേണ്ടത്. അല്ലാതെ വീണിടത്ത് കിടന്ന് ഉരുളുകയല്ല വേണ്ടത്.

തൃക്കാക്കരയില്‍ വികസനം മാത്രമല്ല പ്രചാരണ വിഷയമായി മാറേണ്ടത്. രാജ്യം ഇന്ന് ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം വര്‍ഗീയതയാണ്. വര്‍ഗീയതയോട് വളരെ മൃദുസമീപനമാണ് എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് നെഹ്‌റുവിന് ശേഷം സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനമാണ്. ബാബ്‌റി മസ്ജിദിന്റെ കാര്യത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വളരെ കര്‍ക്കശമായ ഒരു നിലപാട് സ്വീകരിച്ചിരുന്നു എങ്കില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഇത്തരമൊരു അവകാശവാദം ഉന്നയിക്കപ്പെടുമായിരുന്നില്ല. എപ്പോഴും ബിജെപിയുടെ ഒരു ബി ടീം പോലെ ബിജെപി തീവ്ര ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വവുമായി അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് ഇന്ന് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുക എന്നത് ഒരു പ്രശ്‌നമേ അല്ല. കോണ്‍ഗ്രസിനേക്കാള്‍ കുറച്ചുകൂടി തീവ്രമായി നിലപാട് പറയുന്ന പാര്‍ട്ടിയെന്ന നിലയിലാണ് ബിജെപിയെ കോണ്‍ഗ്രസിലുള്ളവര്‍ തന്നെ കാണുന്നത്. നേരെ മറിച്ച് ഒരു ഇടതുപക്ഷക്കാരന്‍ പ്രത്യയശാസ്ത്രപരമായി എക്കാലത്തും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പൊരുതി നില്‍ക്കേണ്ടവരാണെന്ന് വിശ്വസിക്കുന്നവരാണ്. അങ്ങനെയൊരു ധാരണ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തകര്‍ക്ക് കൊടുത്തിട്ടില്ല.

എല്‍ഡിഎഫിന് സാധ്യതയുള്ള സാഹചര്യത്തിലേക്ക് തൃക്കാക്കര മാറിയിട്ടുണ്ട്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു. 99 സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയ സമയത്തും യുഡിഎഫ് വിജയിച്ച മണ്ഡലമാണ്. അതൊക്കെ ശരിയാണെങ്കിലും ഇത്തവണ തൃക്കാക്കരയുടെ മനസ് മാറും. തൃക്കാക്കര കേരളത്തിന്റെ പൊതുവികാരത്തിന്റെ കൂടെ നില്‍ക്കും. ഡോ. ജോ ജോസഫ് നൂറാമനായി എല്‍ഡിഎഫ് എംഎല്‍എയായി നിയമസഭയിലെത്തും. അത് എത്തുന്നതോടെ തൃക്കാക്കരയുടെ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാകും. ഭരണപക്ഷത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു എംഎല്‍എയെ ആണ് തൃക്കാക്കരക്കാര്‍ക്ക് വേണ്ടത്. കെ റെയില്‍ പദ്ധതി വരുമ്പോള്‍ എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനായി മാറുന്നത് തൃക്കാക്കരയാണ്. വികസനത്തിന്റെ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്ന മേഖല. അക്കാദമിക്കലായും നേതൃപരമായും രാഷ്ട്രീയമായും പ്രാപ്തനായ ആളെന്ന നിലയില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.

STORY HIGHLIGHTS: KT Jaleel Wants K Sudhakaran Should Apologize in the Controversial Statement About Pinarayi Vijayan

Next Story