Top

വഖഫ് ബോര്‍ഡ് നിയമനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം കണ്ടെന്ന് ജലീല്‍; ബുദ്ധി ഭയങ്കരം തന്നെയെന്ന് പി കെ ഫിറോസ്

പി. എസ്. സി വഴിയുളള നിയമനത്തിന് പകരം പ്രത്യേക റിക്രൂട്ട്മെൻ്റ് ബോർഡ് വേണം എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുക.

20 July 2022 10:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഖഫ് ബോര്‍ഡ് നിയമനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം കണ്ടെന്ന് ജലീല്‍; ബുദ്ധി ഭയങ്കരം തന്നെയെന്ന് പി കെ ഫിറോസ്
X

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനത്തിൽ സർക്കാർ നിലപാട് ലക്ഷ്യം കണ്ടുവെന്ന് കെ ടി ജലീൽ എംഎൽഎ. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് പോലെ വഖഫ് ബോർഡിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് വരും. ഇതു വഴി ലീ​ഗുകാരല്ലാത്ത മുസ്ലിങ്ങൾക്കും നിയമനം ലഭിക്കുമെന്നും മുമ്പത്തെ പോലെ വഖഫ് ബോർഡ് ലീ​ഗ് ഓഫീസ് ആവില്ലെന്നും കെ ടി ജലീൽ പരിഹസിച്ചു. പി.എസ്.സി വഴി നിയമനം തീരുമാനിച്ചതിന് പിന്നാലെ വഖഫ് ബോർഡിനും പ്രത്യേക റിക്രൂട്ട്മെന്റിന് സാഹചര്യമൊരുങ്ങിയതെന്നും ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

അൻപത് രൂപ കിട്ടണമെങ്കിൽ നൂറു രൂപ പറയണം. പി. എസ്. സി വഴിയുളള നിയമനത്തിന് പകരം പ്രത്യേക റിക്രൂട്ട്മെൻ്റ് ബോർഡ് വേണം എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുക.എന്നാൽ സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞു. വഖഫ് റിക്രൂട്ട്മെൻ്റ് ബോർഡ് വരുന്നതോടെ എല്ലാ മുസ്ലിങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ട ഇടമായി അത് മാറും. സർക്കാർ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാ മത സംഘടനകൾക്കും നന്ദിയുണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, വഖഫ് ബോർഡ് നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ ഒരു മുഴം മുമ്പെ നീട്ടിയെറിഞ്ഞതാണെന്ന് പറഞ്ഞ കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിനെ പരിഹസിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രം​ഗത്തുവന്നു. 'ഈ തല വെച്ച് ചിന്തിച്ചാൽ, കെ.റെയിൽ കൊണ്ടുവരുമെന്ന് പറഞ്ഞത് മോണോ റെയിൽ കൊണ്ടുവരാൻ ആയിരിക്കുമല്ലേ.. പിണറായിയുടെ ബുദ്ധി ഭയങ്കരം തന്നെ..' എന്ന് പി കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിന് താഴെ കമ്മന്റിട്ടു.



വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണത്തിൽ ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടര്‍നടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തീരുമാനമൊന്നും യോഗത്തില്‍ പറഞ്ഞിരുന്നില്ല.

STORY HIGHLIGHTS: KT Jaleel Says Government Saw the Goal in Waqf Board Appointment

Next Story