Top

'കേരള മുസ്ലീംകളെ മിതവാദത്തില്‍ നിലനിര്‍ത്തിയതില്‍ സമസ്തയ്ക്ക് വലിയ പങ്ക്'; കാലക്രമേണ തിരുത്തപ്പെടുമെന്ന് കെ ടി ജലീല്‍

ബഹുമാനവും ആദരവും നിലനിര്‍ത്തി തന്നെയാണ് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങരുതെന്ന നയത്തെ എതിര്‍ത്തതെന്നും കെടി ജലീല്‍.

15 May 2022 1:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള മുസ്ലീംകളെ മിതവാദത്തില്‍ നിലനിര്‍ത്തിയതില്‍ സമസ്തയ്ക്ക് വലിയ പങ്ക്; കാലക്രമേണ തിരുത്തപ്പെടുമെന്ന് കെ ടി ജലീല്‍
X

കേരളത്തിലെ മുസ്ലീങ്ങളെ മിതവാദ സമീപനത്തില്‍ നിലനിര്‍ത്തുന്നതില്‍ സമസ്ത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ ടി ജലീല്‍. ഇതിനൊപ്പം തന്നെ അവരില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചില തെറ്റിധാരണകളും മാറേണ്ടതാണ്. അങ്ങനെ ചിലത് മാറിയതിന് തെളിവുകളുണ്ട്. സമസ്ത നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താന്‍. അവരോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തി തന്നെയാണ് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങരുതെന്ന നയത്തെ എതിര്‍ത്തതെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെടി ജലീല്‍ പറഞ്ഞത്: '' സമസ്തയെ പല കാര്യങ്ങളിലും അംഗീകരിക്കുന്ന ഒരാളാണ് ഞാന്‍. സമസ്തയുടെ മദ്രസയില്‍ പഠിച്ച ഒരാളാണ് ഞാന്‍. നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളുമാണ് ഞാന്‍. അവരോടൊക്കെയുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തി കൊണ്ടു തന്നെയാണ് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങരുതെന്ന നയത്തെ എതിര്‍ത്തത്. ഈ സമീപനത്തോടാണ് ശക്തമായ എതിര്‍പ്പ്. ''

''കേരളത്തിലെ മുസ്ലീങ്ങളെ മിതവാദ സമീപനത്തില്‍ നിലനിര്‍ത്തുന്നതില്‍ സമസ്ത വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ കൂടെ തന്നെ അവരില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചില തെറ്റിധാരണകളും മാറേണ്ടതാണ്. അങ്ങനെ മാറി വരുന്നതിന് നമ്മുടെ മുന്നില്‍ തെളിവുകളുമുണ്ട്. വീഡിയോ ക്യാമറുകളുണ്ടെങ്കില്‍ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് ചില ആളുകള്‍ വെട്ടിതുറന്ന് പറഞ്ഞ കാലമുണ്ടായിരുന്നു. അതൊക്കെ മാറി അതേ ആളുകള്‍ തന്നെയാണ് ഈ സംവിധാനങ്ങളെ വളരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നത്. ഇന്നലെ തെറ്റായിരുന്നത് ഇന്ന് ശരിയാകുന്നുണ്ടെന്നതിന്റെ തെളിവാണിത്. ''

''പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ മനസിലാകുന്നത്, സമസ്ത കുറച്ച് കൂടി കഴിയുമ്പോഴേക്കും ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റം വരുത്തും. മുന്‍പ് പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്ന നിലപാട് ചില മുസ്ലീങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണകളൊക്കെ ഇന്ന് തിരുത്തപ്പെട്ടു. ഇത് ഇനിയും വളരും, ഒരിക്കലും തളരില്ല.''

''ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് ആരും വിലകല്‍പ്പിക്കുമെന്ന് തോന്നുന്നില്ല. സമസ്തയോട് ആഭിമുഖ്യമുള്ള എത്രയോ സ്ത്രീകള്‍ സര്‍ക്കാര്‍ ജോലികളിലുണ്ട്. അവരാരും സമസ്തയുടെ നിലപാട് ഇന്നത് ആയത് കൊണ്ട് ജോലി രാജി വച്ചിട്ടില്ല. സമസ്തയുടെ അംഗങ്ങളുടെ എത്രയോ പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. എംബിബിഎസിന് സീറ്റ് കിട്ടിയിട്ട് പോകുന്നില്ലെന്ന് ആരും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ മാറി വരും. സമസ്ത ചെയ്ത നല്ല കാര്യങ്ങളെ നമ്മള്‍ അംഗീകരിക്കും. അതേസമയം തന്നെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നത് അല്ല.''

Next Story