'അവര്‍ക്കെല്ലാം ഹൈക്കോടതി വിധി സമര്‍പ്പിക്കുന്നു'; സ്വപ്നയുടെ ഹര്‍ജി തള്ളിയതില്‍ ജലീലിന്റെ പ്രതികരണം
പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി വിധി വിനയപുരസ്സരം സമര്പ്പിക്കുന്നെന്നാണ് കെടി ജലീല്‍ പറഞ്ഞത്.
19 Aug 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി കെടി ജലീല്‍. സ്വപ്ന പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി വിധി വിനയപുരസ്സരം സമര്പ്പിക്കുന്നെന്നാണ് കെടി ജലീല്‍ പരിഹാസിച്ചത്.
കെടി ജലീല്‍ പറഞ്ഞത്: ''സ്വര്‍ണ്ണക്കടത്തുമായോ ഡോളര്‍ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജല്പനങ്ങള് വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സര്‍ക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച 'ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തു' കേസിലെ പ്രതികള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിന്മേല് പോലീസിന് അന്വേഷണം തുടരാം.''
''ഞാന്‍ നല്കിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികള്‍ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും അന്തിച്ചര്‍ച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികള്‍ക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമര്‍പ്പിക്കുന്നു.''
കെടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്ന ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.
എന്നാല്‍ നിക്ഷിപ്ത താല്‍പ്പര്യത്തിന് വേണ്ടി തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.