Top

'മന്ത്രിച്ചൂതിയതല്ല ഹലാൽ ഭക്ഷണം, വിവേകമാണ് പ്രതീക്ഷിക്കുന്നത്'; വിവാദത്തിൽ കെടി ജലീൽ

ഒരു ബോർഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും 'ഹലാൽ' ഭക്ഷണം വിൽക്കുന്ന കേന്ദ്രമാണ്. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?

24 Nov 2021 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിച്ചൂതിയതല്ല ഹലാൽ ഭക്ഷണം, വിവേകമാണ് പ്രതീക്ഷിക്കുന്നത്; വിവാദത്തിൽ കെടി ജലീൽ
X

കൊച്ചി: ഹലാൽ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെടി ജലീൽ. മന്ത്രിച്ചൂതിയതാണ് ഹലാൽ ഭക്ഷണമായി നൽകുന്നതെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് തീർത്തും ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ പ്രതികരണം.

കേരളത്തിലെ ഹലാൽ ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന് സംഘപരിവാർ പ്രചരണത്തിൽ കടുത്ത വിമർശനമുയരുന്നതിനിടെയാണ് ജലീലിന്‍റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെടി ജലീൽ ചൂണ്ടിക്കാണിക്കുന്നു.നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഹലാൽ വിഷയത്തിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വിമർശനമുണ്ടായിരുന്നു.

''വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ''ഹലാൽ'' അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിക്കും. ഒരു ബോർഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും 'ഹലാൽ' ഭക്ഷണം വിൽക്കുന്ന കേന്ദ്രമാണ്. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?'' ജലീൽ ചോദിക്കുന്നു.

മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് 'ഹലാൽ' ഭക്ഷണമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.



Next Story

Popular Stories