Top

'ക്രിസംഘി, ലക്ഷണമൊത്ത വര്‍ഗീയവാദി'; ഫാദര്‍ ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെടി ജലീല്‍

''ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ''

29 Nov 2022 2:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസംഘി, ലക്ഷണമൊത്ത വര്‍ഗീയവാദി; ഫാദര്‍ ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെടി ജലീല്‍
X

തിരുവനന്തപുരം: മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെടി ജലീല്‍. ക്രിസംഘി നേതാവ്, ലക്ഷണമൊത്ത വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വര്‍ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

കെടി ജലീല്‍ പറഞ്ഞത്: ''ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി. ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ''അഴകൊഴമ്പന്‍' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.''

''കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം.''

അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ''അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''-തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.



Next Story